സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി പ്ലാസ്റ്റിക് വേണ്ട

post

കൊല്ലം: ജില്ലയിലെ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതിനായി 'നോ പ്ലാസ്റ്റിക് സോണ്‍' ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃതമായി കായലിന് നടുവില്‍ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്നവര്‍ക്കും നിരോധനമേര്‍പ്പെടുത്തി.

റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട അഷ്ടമുടി കായലില്‍ സ്ഥിതി ചെയ്യുന്ന തുരുത്തില്‍ ഡി.ടി.പി.സിയുടെ കണക്കുപ്രകാരം അവധിദിവസങ്ങളിലടക്കം 4000 മുതല്‍ 5000 ആളുകള്‍ വരെ എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് കൂടിയാണ് തീരുമാനം. സഞ്ചാരികളുമായി എത്തുന്ന ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ ബോട്ടുകള്‍ക്കും അനുമതി നിഷേധിച്ചു. ഇത്തരം ബോട്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോര്‍ട്ട് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. തുരുത്തിനു ചുറ്റും പരിസ്ഥിതി സൗഹൃദമായ ജിയോ ബാഗുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും.

തിരക്കുള്ള ദിവസങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. സഞ്ചാരികള്‍ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ തുരുത്തിനുള്ളില്‍ കൊണ്ടുവരുന്നത് നിരോധിക്കും. തുരുത്തിലെ കൃത്യമായ പരിധി നിശ്ചയിക്കാന്‍ സര്‍വ്വേ നടത്താന്‍ റവന്യു എല്‍.ആര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. തുരുത്തില്‍ എത്തുന്നവര്‍ നിശ്ചിത സമയപരിധിയില്‍ തിരികെ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കും. നിര്‍ദ്ദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മെയ് ആദ്യവാരം വീണ്ടും യോഗം ചേരും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സഞ്ചാരികള്‍ക്ക് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.