നെല്‍കൃഷി നാശം: മന്ത്രി വി.എന്‍. വാസവന്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു

post


കോട്ടയം: നെല്‍കൃഷി നാശം സംഭവിച്ച തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക് ( ഒന്‍പതിനായിരം പാടശേഖരം), തിരുവായിക്കര പാടശേഖരങ്ങള്‍ സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ സന്ദര്‍ശിച്ചു.  1850 ഏക്കര്‍ വരുന്ന ജെ-ബ്ലോക്ക് പാടശേഖരത്തിലും 860 ഏക്കര്‍ വരുന്ന തിരുവായിക്കര പാടശേഖരത്തിലും  കൊയ്ത്തിനു പാകമായ നെൽച്ചെടികൾ  വെള്ളത്തിൽ വീണുകിടക്കുകയാണ്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്പരിഹാരം നല്‍കാന്‍ അടിയന്തര ഇടപെടലുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു. 

കര്‍ഷകരുടെ നഷ്ടം വിലയിരുത്തി നിവേദനം തയ്യാറാക്കി നല്‍കാന്‍  പാടശേഖര സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടു. നിവേദനം  മുഖ്യമന്ത്രിയുടേയും കൃഷിമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവായിക്കര പാടശേഖരത്ത്  മട വീഴ്ച തടയുന്നതിനും പുറംബണ്ട് ബലപ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കും . രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള  പഴുക്കാംനില കായല്‍ ശുചീകരണ പദ്ധതിയിൽ  മീനച്ചിലാര്‍, കോടൂരാര്‍ നദികളില്‍ നിന്ന് ഒഴുകിയെത്തിയ എക്കലും ചെളിയും മണ്ണും നീക്കംചെയ്ത് തോടുകളുടെ ആഴം വർദ്ധിപ്പിക്കും.  നദികളിലെ ജലം സുഗമമായി  വേമ്പനാട്ടുകായലിലേക്ക് ഒഴുകുന്നതോടെ  തിരുവാർപ്പ് പ്രദേശത്ത്  വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും. നീക്കം ചെയ്യുന്ന ചെളിയും മണ്ണുമുപയോഗിച്ച് തിരുവായിക്കരപാടത്തിനു ചുറ്റും വാഹനസൗകര്യം ഉറപ്പാക്കുന്ന റോഡും പാടശേഖരത്തിന് പുറംബണ്ടും നിര്‍മ്മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നെല്ലുസംഭരണത്തിനായി കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന  കാഞ്ഞിരം-മലരിക്കല്‍ റോഡ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നതനിലവാരത്തിലാക്കും. തിരുവായിക്കര പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്യുന്നതിന് അവശ്യമായ വോട്ടേജില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ മോട്ടോര്‍ പമ്പുകള്‍ കേടാവുന്ന സാഹചര്യം തടയുന്നതിന് 100 കെ.വി. ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മര്‍  നെടുങ്കേരിത്തറയില്‍ സ്ഥാപിക്കുന്നതിന്  നടപടിയെടുക്കുമെന്നും  മന്ത്രി പറഞ്ഞു. ഇല്ലിക്കല്‍ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കോട്ടയം പോര്‍ട്ട് വഴി വാഹനങ്ങള്‍ കടത്തിവിട്ട് നെല്ലുസംഭരണം നടത്തുന്നതിന്റെ തടസ്സങ്ങള്‍ മന്ത്രി നേരിട്ട് സംസാരിച്ച് പരിഹരിച്ചു.