നെട്ടണി നിവാസികളുടെ ദുരിതത്തിന് വിരാമം; കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ നെട്ടണിയിലെ ജനങ്ങൾക്ക് ഇനി ആശ്വസിക്കാം. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച, നെട്ടണി കുടിവെള്ള പദ്ധതി ബ്ലോക്ക് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പാറക്കെട്ടുകൾ അധികമായുള്ള പ്രദേശത്ത് ജലസ്രോതസുകളുടെ ലഭ്യത തീരെ കുറവായതിനാൽ പ്രദേശവാസികൾക്ക് കുടിവെള്ളത്തിനായുള്ള ഏക ആശ്രയം പഞ്ചായത്ത് കിണറാണ്. വേനൽകാലത്ത് പഞ്ചായത്ത് കിണറിലും വെള്ളം കുറഞ്ഞതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വകാര്യ വ്യക്തികളുടെ കിണറുകളിൽ നിന്നാണ് ഇവിടുത്തുകാർ വെള്ളം ശേഖരിച്ചിരുന്നത്. കുടിവെള്ള പദ്ധതി നടപ്പായതോടെ പ്രദേശവാസികളുടെ ദുരിതത്തിനും വിരാമമായിരിക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.സി ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. നാന്നൂറ് അടിയുള്ള കുഴൽ കിണറാണ് നെട്ടണി മലയിൽ ഇതിനായി നിർമിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കും.