പൊന്മുടിയിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറായി

post

പൊന്മുടി ടൂറിസ്റ്റ് കേന്ദ്രത്തിലെ മാലിന്യ സംസ്കരണം പൂർത്തിയാക്കുന്നതിന് പദ്ധതി തയ്യാറായി. വാമനപുരം എംഎൽഎ ഡി.കെ മുരളിയുടെ അധ്യക്ഷതയിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് രൂപരേഖ തയ്യാറായത്. കല്ലാർ മുതൽ അപ്പർ സാനിറ്റോറിയം വരെ കൂടുതൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനും മാലിന്യം വേർതിരിച്ച് ശേഖരിക്കാൻ ടൂറിസ്റ്റ് കേന്ദ്രത്തിലെ കഫ്റ്റീരിയകളിൽ സ്റ്റീൽ കപ്പുകളും കൂടുതൽ ബിന്നുകൾ വയ്ക്കുവാനും തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യം വനസംരക്ഷണസമിതി മുഖേന ശേഖരിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറാനും നടപടിയെടുത്തു. മാലിന്യ സംസ്കരണം, ഫൈനുകൾ എന്നിവയെപ്പറ്റി അറിയിപ്പ് നൽകുന്ന ബോർഡുകളും സ്ഥാപിക്കും. അപ്പർ സാനിറ്റോറിയത്തിൽ ടോയ്ലറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനായി വനംവകുപ്പിന്റെ അനുമതി തേടും. പൊതുജന ബോധവൽക്കരണ ക്യാമ്പയിനുകൾ, ഹോട്ടലുകളിലും കടകളിലും കൂടുതൽ പരിശോധനകൾ എന്നിവയും ഉണ്ടാകും. യോഗത്തിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോമളം, വൈസ് പ്രസിഡണ്ട് എസ്എം റാസി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

tvm