ചങ്ങാതി സാക്ഷരത പദ്ധതി: ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

post

അതിഥി തൊഴിലാളികൾക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ഹെൽപ് ഡെസ്ക് ശ്രീകാര്യത്ത് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തൊഴിൽ ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളികൾക്കായാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. സാക്ഷരതാ മിഷൻ നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായ ഹെൽപ്പ് ഡെസ്കിൽ തൊഴിലാളികൾക്കാവശ്യമായ സേവനങ്ങൾ ഉറപ്പാക്കും. എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്മാരായി കാണുന്ന ഈ പദ്ധതി മാതൃകാപരമാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി കേരള സർക്കാർ സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2018 ൽ ആരംഭിച്ച പദ്ധതി ഓരോ വർഷവും ഓരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്. ഈ വർഷം തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിലാണ് നടത്തുന്നത്.

അതിഥി തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ, സംസ്കാരം, ആരോഗ്യം, ശുചിത്വം എന്നിവയിൽ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതിനായി ശ്രീകാര്യത്ത് പഠന ക്ലാസുകൾ ക്രമീകരിക്കും.

tvm