കുട്ടമ്പുഴയുടെ വിനോദസഞ്ചാര സാധ്യതകള്‍ വിപുലമാകുന്നു

post


കമ്മ്യൂണിറ്റി ടൂറിസം പദ്ധതിക്ക് തുടക്കം; ടൂറിസം വെബ്സൈറ്റ് തുറന്നു

എറണാകുളം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ യു.എന്‍.ഡി.പിയുടെ (യുണൈറ്റെഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം) ഐ.എച്ച്.ആര്‍.എം.എല്‍ (ഇന്ത്യന്‍ ഹൈ റേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ് പ്രൊജക്ട്) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം സംരംഭത്തിനു തുടക്കമായി. കുട്ടമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് ടൂറിസം വെബ്സൈറ്റിന്റെ ഉദ്ഘാടനം നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ ഓഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ നിര്‍വഹിച്ചു.
 

കുട്ടമ്പുഴ പഞ്ചായത്ത് നടപ്പാക്കുന്ന സുസ്ഥിര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും യു.എന്‍.ഡി.പിയുടെ ഐ.എച്ച്.ആര്‍.എം.എല്‍ പദ്ധതിയുമാണ് കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കര്‍ഷകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രകൃതിസൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ ഗ്രാമങ്ങള്‍, നെല്‍വയലുകള്‍, ഗ്രാമീണ പാതകള്‍, നദിക്കരകള്‍, തദ്ദേശീയ സംസ്‌കാരം, പ്രകൃതി, ഐതിഹ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ടൂറിസം പാക്കേജുകളിലൂടെ കുട്ടമ്പുഴയുടെ വിനോദസഞ്ചാര സാധ്യതകള്‍ വിപുലമാകുകയാണ്.

 പദ്ധതിയുടെ ഭാഗമായി സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്ചുറല്‍ ഹിസ്റ്ററിയുടെ സഹായത്തോടെ തയ്യാറാക്കിയ ഭൂവിനിയോഗ മാപ്പിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് നല്‍കി സാകോണ്‍ (സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണി ത്തോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററി) പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പി.വി. കരുണാകരന്‍ നിര്‍വഹിച്ചു. പദ്ധതി പ്രദേശത്തെ നിലവിലുള്ള ഭൂമിയുടെ വിനിയോഗ രീതികള്‍ മനസിലാക്കുന്നതിനും കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലായി ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങള്‍ മനസിലാക്കുന്നതിനും സഹായകരമാകുംവിധമാണ് ഭൂവിനിയോഗ മാപ്പ് വികസിപ്പിച്ചിട്ടുള്ളത്.




പ്രദേശത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തെക്കുറിച്ചും അതിന്റെ പുനരുജീവനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന കമ്മ്യൂണിറ്റി ടൂറിസം പദ്ധതി കുട്ടമ്പുഴക്കാര്‍ക്ക് അധിക വരുമാനം നേടിക്കൊടുക്കും. തദ്ദേശീയ ടൂറിസം സംരംഭങ്ങള്‍, ഹോംസ്റ്റേകള്‍, ഗൈഡുകള്‍, പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കൃഷി, മറ്റ് ഉത്പാദന മേഖലകളുമായി ബന്ധപ്പെട്ടുള്ള പാക്കേജുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

 മാലിന്യ സംസ്‌കരണം, പ്രാദേശിക വിഭവങ്ങളില്‍നിന്ന് ബദല്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉല്പാദനം, ഊര്‍ജ്ജ കാര്യക്ഷമത, പരമ്പരാഗത വിത്തുകളും ഭക്ഷ്യ സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതി നായി മുമ്പ് തദ്ദേശീയ സമൂഹങ്ങള്‍ ഉപയോഗിച്ചിരുന്ന വിഭവങ്ങളുടെ (ഭക്ഷ്യയോഗ്യമായ പച്ചിലകളും കിഴങ്ങ് വര്‍ഗ്ഗങ്ങളും) ഉപയോഗം തുടങ്ങിയവയ്ക്ക് ഈ സുസ്ഥിര ടൂറിസം മാതൃക പ്രോത്സാഹനമാകും.