കോവിഡ്: ജാഗ്രത തുടരണം

post


സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടക്ക് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. പ്രായമായവരിലും ഗുരുതര രോഗങ്ങളുള്ളവരിലും റിവേഴ്‌സ് ക്വാറന്റെയ്ന്‍ ശക്തമാക്കണം. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനലും വാതിലും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പ് വരുത്തേണ്ടതാണ്.

സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം . പനി, കോവിഡ് ബാധ തുടങ്ങിയ കാരണങ്ങളാല്‍ സ്‌കൂളില്‍ വരാതിരിക്കുന്ന കുട്ടികളുടെയും എണ്ണം ആരോഗ്യ വകുപ്പിനെ യഥാസമയം അറിയിക്കണം.


പനി, ജലദോഷം എന്നിവ കണ്ടാല്‍ സ്‌കൂളുകള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങിവയില്‍ പോകരുത്. രണ്ട് ദിവസം കഴിഞ്ഞ് രോഗ ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ പരിശോധന നടത്തേണ്ടതാണ്. സ്‌കൂളുകളിലോ തൊഴിലിടങ്ങളിലോ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടാല്‍ ആ വിവരം ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കണം.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനിക്കായി പ്രത്യേക ഓ. പികള്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് ആശുപത്രികളിലും കോവിഡ് രോഗികളെ പ്രവേശിപ്പിക്കാന്‍ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം പേരെ വരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് ആയവരില്‍ നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും, മറ്റ് ഗുരുതരാവസ്ഥയില്ലാത്തവര്‍ക്കും ഹോം ഐസോലേഷനില്‍ കഴിയാം. അനുബന്ധരോഗങ്ങളുള്ളവര്‍, ശ്വാസകോശരോഗങ്ങളുള്ളവര്‍, ഹൃദയം, കരള്‍, വൃക്കരോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഹോം ഐസൊലേഷനില്‍ കഴിയാവൂ. ഹോം ഐസൊലേഷനില്‍ രോഗാവസ്ഥ സ്വയം നിരീക്ഷിക്കേണ്ടതും, അപായ സൂചനകള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടുകയും വേണം.

കടുത്ത പനി (മൂന്നു ദിവസമായി 100 ഡിഗ്രിയില്‍ കൂടുതല്‍), ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് , ഓക്‌സിജന്‍ സാച്ചുറേഷനിലുള്ള കുറവ് (ഒരു മണിക്കൂറിനുള്ളില്‍ നടത്തിയ ചുരുങ്ങിയത് മൂന്ന് റീഡിങ്ങുകളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റില്‍ 24 ല്‍ കൂടുതലോ ), നെഞ്ചില്‍ നീണ്ടു നില്‍ക്കുന്ന വേദന / മര്‍ദ്ദം, ആശയക്കുഴപ്പം , എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന എന്നിവ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം.

നിലവില്‍ ഗൃഹചികിത്സയിലുള്ള കോവിഡ് രോഗികളും അവരെ പരിചരിക്കുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനുള്ളില്‍ രോഗം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണ്.


കോവിഡ് രോഗബാധ പ്രായമായവരുടെ ആരോഗ്യത്തെ സങ്കീര്‍ണ്ണമാക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ ഡോസ് ഇനിയും എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. മരണനിരക്കും, രോഗാതുരതയും കുറയ്ക്കുന്നതില്‍ കോവിഡ് വാക്‌സിനേഷന്‍ വളരെയധികം സഹായിക്കുമെന്നതിനാല്‍ കരുതല്‍ ഡോസ് ഉള്‍പ്പടെ വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടതാണ്. കൂടാതെ കുട്ടികള്‍ക്കുള്ള വാക്സിനേഷനും യഥാസമയം നല്‍കി അവരെ സുരക്ഷിതരാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.