കാത്തിരിപ്പിന് വിരാമം കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറോട്ടറി പ്രവര്‍ത്തനം ആരംഭിച്ചു

post

കാസര്‍കോട്: കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം മിഷനിലൂടെ കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രം 2021 സെപ്റ്റംബറില്‍, കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് 5,12,000 രൂപ ചിലവില്‍ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചത്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലുവരെയാണ് ലാബിന്റെ പ്രവര്‍ത്തനസമയം. രക്ത പരിശോധന, വൃക്ക രോഗനിര്‍ണയം, ഗര്‍ഭ പരിശോധന, ടൈഫോയിഡ്, ഡെങ്കിപ്പനി,എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ എല്ലാ ലബോറിട്ടറി ടെസ്റ്റുകളും നടത്താനുള്ള സൗകര്യമുണ്ട്. ഇതുവരെ ബദിയടുക്ക, മുള്ളേരിയ എന്നിവിടങ്ങളിലെ ലബോറട്ടറികളെയാണ് പ്രദേശവാസികള്‍ ടെസ്റ്റിനായി ആശ്രയിച്ചിരുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ക്രസ്റ്റ ,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഞ്ജീവ ഷെട്ടി , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് , വാര്‍ഡ് മെമ്പര്‍മാര്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ,ആശുപത്രി ജീവനക്കാര്‍ ,ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.