ഉത്സവം 2020 ന് തുടക്കം

post

കൊല്ലം : വിനോദസഞ്ചാര വകുപ്പ്, ഡി റ്റി പി സി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളീയ തനത് കലാരൂപങ്ങളുടെ മഹോത്സവമായ 'ഉത്സവം 2020' ന് ജില്ലയില്‍  തുടക്കം.  ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം നീലാംബരി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്  മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി.
കേരളത്തിന്റെ തനത് കലകളുടെ പൈതൃകം നിലനിര്‍ത്തുക, അവയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം. നാലു വേദികളിലായി ഫെബ്രുവരി 28 വരെ വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് പരിപാടികള്‍ നടക്കുക.  ഉദ്ഘാടന ദിവസമായ ഇന്നലെ(ഫെബ്രുവരി 22) ഒന്നാം വേദിയായ നീലാംബരി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച ചവിട്ടുകളിയും രണ്ടാം വേദിയായ കൊല്ലം ബീച്ചില്‍ കെ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കാക്കാരിശ്ശി നാടകവും ദേവിവിലാസം കലാനിലയത്തിന്റെ പടയണിയും നടന്നു. ചവിട്ടുകളിയില്‍ പ്രഗല്‍ഭരായ  കല്യാണിയെയും രാമകൃഷ്ണനെയും വേദിയില്‍ ആദരിച്ചു.  ഡി റ്റി പി സി സെക്രട്ടറി സി സന്തോഷ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി രവീന്ദ്രന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍  തുടങ്ങിയവര്‍ സംസാരിച്ചു.
ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേ, മണ്‍ട്രോതുരുത്ത് എന്നിവയാണ് മൂന്നും നാലും വേദികള്‍. ഉത്സവം 2020 ന്റെ രണ്ടാം ദിവസമായ ഇന്ന് ഒന്നും രണ്ടും  വേദികളില്‍ വേലകളി, ദഫ്മുട്ട്, നാടന്‍പാട്ട് എന്നിവ നടക്കും.