ഇല്ലിക്കൽ-തിരുവാർപ്പ് റോഡിലെ യാത്രാക്ലേശത്തിന് പരിഹാരം; ചേരിക്കൽ പാലം തുറന്നു

post



കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

10 കോടി രൂപ ചെലവിലാണ് കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചത്. 15 മീറ്ററിന്റെ ഒൻപത് സ്പാനുകളായി ആകെ 135 മീറ്റർ നീളത്തിൽ 24 പൈലുകളോടുകൂടി 9.75 മീറ്റർ വീതിയിൽ വെള്ളപ്പൊക്കം ബാധിക്കാത്ത വിധമാണ് പാലത്തിന്റെ നിർമാണം. ഇല്ലിക്കലിനെയും തിരുവാർപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണിത്.

2020 ഏപ്രിൽ ഒന്നിനാണ് മീനച്ചിലാറിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡിന്റെ ഒരു ഭാഗം ആറ്റിലേക്ക് പതിച്ചത്. ഗതാഗതം പ്രതിസന്ധിയിലായതോടെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ താത്ക്കാലിക സൗകര്യമേർപ്പെടുത്തിയിരുന്നു. പിന്നീട് പാലത്തിന്റെ ഒരു ഭാഗം പൂർത്തിയാക്കിയപ്പോൾ സർവീസ് റോഡിലൂടെ ചെറുവാഹനങ്ങൾ കടന്നു പോകാൻ സൗകര്യം ഒരുക്കി. പാലം വലിയ വാഹനങ്ങൾക്ക് കൂടി സഞ്ചാരയോഗ്യമാകുന്നതോടെ നിലവിലെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകും.

കാലാവസ്ഥ പ്രതികൂലമായതിനാൽ ടാറിംഗ്, പെയിന്റിംഗ് ജോലികൾ നിർത്തി വച്ച സാഹചര്യത്തിൽ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് പാലം തുറന്നു നൽകിയത്. കാലാവസ്ഥ അനുകൂലമാകുന്നതോടെ ബാക്കി ടാറിങും പെയിന്റിങ് ജോലികളും പൂർത്തിയാക്കും. പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രസിദ്ധമായ മലരിക്കൽ ആമ്പൽ ടൂറിസം, ഗ്രാമീണ ടൂറിസം എന്നിവ ആസ്വദിക്കാനുള്ള വിനോദസഞ്ചാരികളുടെ വരവിനും ആക്കം കൂടുമെന്നാണ് പ്രതീക്ഷ.