അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്

post

10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നല്‍കി


അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ്മിഷന്റെയും നേതൃത്വത്തില്‍ 'നമത് ആരോഗ്യ നമത് ആയുര്‍വേദ' എന്ന പേരില്‍' മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ധരായ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ഊരില്‍ നേരിട്ടെത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കല്‍ സംഘവും മുക്കാലി ഫോറസ്റ്റ് ഓഫീസ് ജിവനക്കാരും രാവിലെ എട്ട് മണിയോടെ മുക്കാലിയില്‍ നിന്ന് പുറപ്പെട്ട് തടിക്കുന്ന് ഊരിലെത്തി രണ്ട് കിലോമീറ്ററോളം ഔഷധങ്ങള്‍ ചുമലിലേറ്റി കാല്‍നടയായാണ് മുരുഗള ഊരിലെത്തിയത്. ക്യാമ്പ് കണ്‍വീനര്‍ ഡോ. ശ്രീരാഗ് ബോധവത്കരണ ക്ലാസ്സ് നടത്തി. ക്യാമ്പില്‍ 72 ഊരു നിവാസികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം ശിശുമരണം സംഭവിച്ച അയ്യപ്പന്‍ സരസ്വതി ദമ്പതികളെ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മുരുഗള ഊരില്‍ അനീമിയ, സന്ധിവാത രോഗങ്ങള്‍, ത്വക്ക് രോഗം, ചുമ എന്നിവ കണ്ടെത്തിയവര്‍ക്ക് വേണ്ടി തുടര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു അറിയിച്ചു. ക്യാമ്പിന് ഡോ.ജെ. ശ്രീജ, ഡോ. മീര ഗുപ്ത, ഡോ അജീഷ് കുരീത്തറ, ഡോ. ഷംനദ്ഖാന്‍, ഡോ. സൗമ്യ, ഡോ. കാര്‍ത്തിക, ഡോ. സലീഖ, വകുപ്പിലെ മറ്റ് ജീവനക്കാര്‍, മുക്കാലി ഫോറസ്റ്റ് സ്റ്റേഷന്‍ ജിവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.