ഹര്‍ ഘര്‍ തിരംഗ': ജില്ലയില്‍ കുടുംബശ്രീ നിര്‍മിച്ചത് 198732 ദേശീയ പതാകകള്‍

post

സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ഹര്‍ ഘര്‍ തിരംഗ' പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 1,98,732 ദേശീയ പതാകകള്‍ നിര്‍മ്മിച്ചു. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ എ. ജയഗീതയുടെ നേതൃത്വത്തിലാണ് പതാക നിര്‍മാണം. മൂന്ന് അപ്പാരല്‍ പാര്‍ക്ക് ഉള്‍പ്പെടെ 45 കുടുംബശ്രീ സംരംഭങ്ങള്‍ മുഖേനയാണ് നിര്‍മ്മാണം നടന്നത്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും എന്‍.സി.സി കൊല്ലം, കൊട്ടാരക്കര യൂണിറ്റുകള്‍ക്കുമാണ് പതാകകള്‍ വിതരണം ചെയ്യുന്നത്.

ഓരോ തദ്ദേശ സ്ഥാപങ്ങളും അതാത് പ്രദേശങ്ങളിലെ വീടുകളുടെയും സ്‌കൂളുകളുടെയും എണ്ണം കണക്കാക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് മുഖാന്തിരമാണ് ഓര്‍ഡറുകള്‍ സ്വീകരിച്ചത്. പോളിസ്റ്റര്‍ കോട്ടണ്‍ മിക്‌സ് തുണിയില്‍ തയ്യാറാക്കിയ പതാകക്ക് 28 രൂപയാണ് വില. നിലവില്‍ 75,000 ത്തോളം ദേശീയ പതാകകള്‍ വിതരണത്തിനായി കുടുംബശ്രീ സി.ഡി.എസ് സംരംഭ യൂണിറ്റുകളില്‍ എത്തിച്ചു കഴിഞ്ഞു. തുടര്‍ന്നും ആവശ്യമായി വരുന്ന പതാകകള്‍ അടിയന്തരമായി എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജില്ലാ കോഡിനേറ്റര്‍ പറഞ്ഞു.