കേരളത്തിലെ ആദ്യ സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം

post

കുമ്പള മൊഗ്രാലിലെ യുനാനി ആശുപത്രി കെട്ടിടം 12ന് നാടിന് സമര്‍പ്പിക്കും

കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി കുമ്പള മൊഗ്രാലില്‍ 47  ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കേരളത്തിലെ ആദ്യ സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം 12ന് തുറക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആശുപത്രിക്ക് പുതിയ കെട്ടിടമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.

1991ല്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ കിടത്തി ചികിത്സയുള്‍പ്പെടെ നടത്താനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പരിശോധനാ മുറി, വിശ്രമ മുറി, ഫാര്‍മസി, കാത്തിരിപ്പ് മുറി, ശുചിമുറി എന്നിവയും രണ്ടാം നിലയില്‍ പുരുഷ വാര്‍ഡ്, ശിശുരോഗ ചികിത്സാ വിഭാഗം, അടുക്കള എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഞ്ചേശ്വരം താലൂക്കിലെ തീരദേശ പ്രദേശങ്ങളിലെ ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ ഗവണ്‍മെന്റ് യുനാനി ഡിസ്പെന്‍സറി. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും ധാരാളം പേര്‍ ഡിസ്പെന്‍സറിയില്‍ എത്തുന്നുണ്ട്. ദിവസേന 80 മുതല്‍ നൂറോളം രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ ഫലപ്രദമായ ചികിത്സാ രീതിയാണ് യുനാനി എന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.