വനസത്യാഗ്രഹ സമരത്തെയറിയാം ഈ ചുമരിലൂടെ

post

വിസ്മൃതിയിലേക്ക് മറഞ്ഞ കാടകം വനസത്യാഗ്രഹ സമരചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നു

സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഏടുകളില്‍ അധികമൊന്നും പരാമര്‍ശിക്കപ്പെടാതെ വിസ്മൃതിയിലേക്ക് മറഞ്ഞ കാടകം വനസത്യാഗ്രഹ സമരചരിത്രത്തെ ഇനി പുതുതലമുറക്ക് ഈ ചുമരുകളില്‍ കൂടി അറിയാം. 1932ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ വനനിയമത്തിനെതിരായ ഒരു ജനതയുടെ പോരാട്ടത്തിന്റെ ചരിത്രം ശില്‍പ്പങ്ങളില്‍ക്കൂടി പരിചയപ്പെടുത്തുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. 75ാമത് സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ കാടകം വനസത്യാഗ്രഹ സ്‌ക്വയര്‍ തീര്‍ത്തത്.

തോലിനും വിറകിനുമായി തങ്ങള്‍ ആശ്രയിച്ചിരുന്ന വനത്തിനുള്ളിലേക്ക് കയറുന്നതിന് ബ്രിട്ടീഷ് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ് കാടകം വനസത്യാഗ്രഹ സമരത്തിന്റെ പിറവി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഒട്ടനവധി നേതാക്കളാണ് ഈ സമരത്തിന്റെ നേതൃത്വമായത്. എ വി കുഞ്ഞമ്പു, മഞ്ജുനാഥ ഹെഗ്‌ഡെ, നാരന്തട്ട കൃഷ്ണന്‍ നായര്‍, അഡ്വ.ഉമേഷ് റാവു, ഗാന്ധി രാമന്‍ നായര്‍, ചെട്ടിശങ്കരന്‍, കരിച്ചേരി ചരടന്‍ നായര്‍, എന്‍ ചാത്തു നമ്പ്യാര്‍, എന്‍ കുഞ്ഞമ്പു നമ്പ്യാര്‍, കെ കുഞ്ഞമ്പു നമ്പ്യാര്‍, കൃഷ്ണമേനോലിത്തായ്, കുട്ടന്‍വൈദ്യര്‍, കുഞ്ഞിരാമന്‍ അടിയോടി, നരസിംഹഷേണായി തുടങ്ങി നിരവധി പോരാളികളാണ് കാടകത്തിന്റെ മണ്ണിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. നാരന്തട്ട തറവാടും പത്തായപ്പുരയുമായിരുന്നു സമരവളണ്ടിയര്‍മാരുടെ പ്രധാന കേന്ദ്രങ്ങള്‍.

നാരന്തട്ട തറവാടിലെ പത്തായപ്പുര മാത്രമായിരുന്നു ആ സമരത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനായി ആകെയുണ്ടായിരുന്ന സ്മാരകം. എന്നാല്‍ അതും പൊളിച്ചു മാറ്റപ്പെട്ടതോടെ വനസത്യാഗ്രഹത്തെക്കുറിച്ച് പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ മറ്റൊന്നും ബാക്കിയില്ലാത്ത നിലവന്നു. ചരിത്രത്തിന്റെ ഏടുകളില്‍ നിലനില്‍ക്കണമെന്ന ആശയത്തോടെയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്മാരക സ്‌ക്വയര്‍ നിര്‍മ്മാണമെന്ന ആശയം മുന്നോട്ട് വെച്ചത്. വനസത്യാഗ്രഹത്തിന്റെ പ്രധാന സംഭവങ്ങളെല്ലാമുള്ള ശില്‍പ്പങ്ങള്‍ തീര്‍ത്തത് കണ്ണൂര്‍ പട്ടുവത്തെ സുകേഷ് നാരായണനാണ്.