ദന്താരോഗ്യമേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പരിഗണന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

post

* പ്രഥമ ആജീവനാന്ത പുരസ്‌കാരം ഡോ: എം.കെ. ജയിംസിന് സമ്മാനിച്ചു

തിരുവനന്തപുരം : ദന്തല്‍മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാവശ്യമായ രൂപരേഖ തയ്യാറാക്കി നല്‍കുന്നതിനായി സംഘടിപ്പിച്ച ശില്‍പശാലയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കേരള ദന്തല്‍ കൗണ്‍സിലിന്റെ പ്രഥമ ആജീവനാന്ത പുരസ്‌കാരം ഡോ: എം.കെ. ജയിംസിന് സമ്മാനിച്ചു. 
ദന്താരോഗ്യമേഖലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മാറ്റിനിര്‍ത്തപ്പെട്ടുപോയ ദന്തല്‍മേഖലയെ മെഡിക്കല്‍ മേഖലയുടെ പ്രാധാന്യത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും 47 അസിസ്റ്റന്റ് തസ്തികകള്‍ ഇതിനകം അനുവദിച്ചു. അഞ്ച് ജൂനിയര്‍ കണ്‍സള്‍ട്ടന്റും അനുവദിച്ചു. കോട്ടയം ഗവ: ദന്തല്‍ കോളജില്‍ സാമൂഹ്യ ദന്താരോഗ്യ വിഭാഗത്തില്‍ എം.ഡി.എസ് കോഴ്‌സ് ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ദന്തല്‍ ലാബ് ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പുമുഖേന 'മന്ദഹാസം' പദ്ധതിയില്‍ പ്രായമുള്ളവര്‍ക്ക് പല്ലുവെച്ചുനല്‍കുന്ന പദ്ധതിയും സജീവമായി നടപ്പാക്കുന്നുണ്ട്. ഇത് വ്യാപിപ്പിക്കും. ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ മൊബൈല്‍ ദന്തല്‍ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള വികസനം ഈ മേഖലയില്‍ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ദന്തല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഷാജി കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡി.എം.ഇ ഡോ. എം.കെ. മംഗളം, ഡെപ്യൂട്ടി ഡി.എച്ച്.എസ് ഡോ. സൈമണ്‍, ദന്തല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ: ഒ.വി സനല്‍, ഡോ: കെ. നന്ദകുമാര്‍, ഡോ: ഏലിയാസ് തോമസ്, ഡോ. എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
ദന്ത വിദ്യാഭ്യാസ മേഖല, സ്വകാര്യ ദന്ത ചികിത്സാ മേഖല, സര്‍ക്കാര്‍ ദന്ത ചികിത്സാ മേഖല എന്നിങ്ങനെ മൂന്നുതലങ്ങളായാണ് ദന്തല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'ദന്തിസ്ട്രി @ 2030' ശില്‍പശാലയില്‍ ചര്‍ച്ച നടന്നത്. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു