ആലത്തൂരിൽ നാട്ടുചന്തക്ക് തുടക്കം

post

നാടൻ കാർഷിക ഉത്പന്നങ്ങളുടെ വിപണി ഒരുക്കി നാട്ടുചന്ത

ആലത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാർഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തിൽ ആലത്തൂരിൽ നാട്ടുചന്തക്ക് തുടക്കമായി. പ്രാദേശികമായ കാർഷിക വിഭവങ്ങളുടെ കൈമാറ്റം, കർഷകർക്ക് ന്യായവില, ഇടനിലക്കാരില്ലാതെ കാർഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് നാട്ടുചന്ത വഴിയൊരുക്കും. ആലത്തൂർ പുതിയ ബസ് സ്റ്റാൻഡിലുള്ള നിറ ഇക്കോഷോപ്പ് പരിസരത്ത് എല്ലാ തിങ്കളാഴ്ചയും രാവിലെ 9.30 മുതൽ 5.30 വരെയാണ് നാട്ടുചന്ത പ്രവർത്തിക്കുക.

ആലത്തൂരിലെയും പരിസര പ്രദേശത്തെയും കർഷകർ ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികൾ, അരി , മൂല്യവർധിത ഉത്പന്നങ്ങൾ, വെളിച്ചെണ്ണ, ചെറുധാന്യഉത്പന്നങ്ങൾ, നാടൻ കോഴിമുട്ട തുടങ്ങി നിരവധി വിഭവങ്ങൾ നാട്ടുചന്തയിലൂടെ വിപണനം നടത്തും. ആലത്തൂരിലെയും പരിസരപ്രദേശത്തെയും കർഷകർക്ക് പുറമെ വി.എഫ്.പി.സി.കെ. കർഷകരുടെ ഉത്പന്നങ്ങളും നാട്ടുചന്തയിൽ ലഭ്യമാകും. കൃഷിവകുപ്പിന്റെ് സഹായത്തോടെയുളള കർഷകരുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും നാട്ടുചന്തയിൽ ലഭ്യമാണ്.

കർഷകരിൽ നിന്നും സംഭരിച്ച കുറ്റിപയർ, വള്ളിപ്പയർ, വാഴ കൂമ്പ്, ഉണ്ണി പിണ്ടി, പപ്പായ, വെള്ളരി, നാടൻ കത്തിരി, വെണ്ടക്ക, കപ്പ കിഴങ്ങ്, കാന്താരി ഉൾപ്പെടെ വിവിധ ഇനം മുളക്, കോവയ്ക്ക, കുമ്പളം, നാടൻ തക്കാളി, മത്തൻ, ചേന, ഇഞ്ചി, സലാഡ് വെള്ളരി, വിവിധ ഇനം വാഴക്കായകൾ, മുരിങ്ങക്കായ, മുരിങ്ങയില, പച്ചചീര, ചുവന്ന ചീര, മണിത്തക്കാളി ചീര, പാലക്ക് ചീര, കറിവേപ്പില എന്നീ നാടൻ ഇനങ്ങളും നാടൻ കോഴി-താറാവ് മുട്ടകൾ, അവൽ, വെളിച്ചെണ്ണ, ചോളം, കുതിരവാലി, കമ്പ്, കോറ, ചാമ, കൂവരക്, തിന, കാവടി ശർക്കര, പനംചക്കര, കുന്നൻകായ പൊടി, ഞവര, കൂവ, മില്ലറ്റ് ഹെൽത്ത് മിക്സ്, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, കുടംപുളി, കുരുമുളക്, തേൻ, നന്നാരി സർബത്ത്, അച്ചാറുകൾ, കൊണ്ടാട്ടം എന്നീ മൂല്യവർധിത ഉത്പന്നങ്ങളും സവാള, ചെറിയ ഉള്ളി, ഉരുള കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, കൊത്തമര, ക്യാബേജ്, കോളിഫ്ളവർ, കാപ്സിക്കം, വെളുത്തുള്ളി ഉൾപ്പടെയുള്ളവ ചന്തയിൽ ലഭ്യമാണ്.

കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് പുറമെ ഇക്കോഷോപ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്വന്തമായി വിപണനം നടത്താൻ താത്പര്യമുള്ളവർക്ക് സ്ഥലം ലഭ്യമാക്കാനും അവസരമൊരുക്കും. നിറ കാർഷിക ഉത്പാദന വിപണ സമിതിയിലെ സേവന സജ്ജരായ കർഷകർ തന്നെയാണ് നാട്ടുചന്തയുടെ വിപണി പ്രവർത്തകർ.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലത്തൂരിലെ 100 കൃഷിയിടങ്ങളിലാണ് കൃഷി ആരംഭിച്ചത്. രണ്ടാം വിളക്കാലത്ത് 1000 കുടുംബങ്ങളിൽ കൃഷി ആരംഭിക്കാനുള്ള പദ്ധതികൾ കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്താനും പ്രാദേശികമായി പരമാവധി പഴം പച്ചക്കറി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനുമാണ് ലക്ഷ്യം.