കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു

post

ജില്ലയിൽ വിരിപ്പു കൃഷിയുടെ വിളവെടുപ്പിനായുള്ള കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന വിരിപ്പു കൃഷിയുടെ വിളവെടുപ്പ് സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. സാധാരണ പാടങ്ങളിൽ മണിക്കൂറിൽ 1900 രൂപയായാണ് പുന:ക്രമീകരിച്ചത്. മഴയുള്ള സാഹചര്യങ്ങളിലും യന്ത്രങ്ങൾ ജങ്കാറിൽ കൊണ്ടുപോകേണ്ട സാഹചര്യങ്ങളിലും വരുന്ന അധിക ചെലവ് അതത് പാടശേഖര സമിതികൾ വഹിക്കണം. 2021-22 ൽ കോവിഡ് സാഹചര്യത്തിൽ സാധാരണ പാടങ്ങളിൽ മണിക്കൂറിന് 2000 രൂപയും കൊയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന ഇടങ്ങളിൽ 2300 രൂപയുമായിരുന്നു നിരക്ക്.

ജില്ലയിൽ ഒക്‌ടോബർ മുതൽ ഡിസംബർ വരെ 5897 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയാണ് കൊയ്യാനുള്ളത്. മൂന്ന് ബ്ലോക്കുകളിലെ എട്ട് പഞ്ചായത്തുകളിലായി 103 പാടശേഖരങ്ങളിൽ കൊയ്ത്തു നടക്കും. നവംബർ അഞ്ചിന് 99 യന്ത്രങ്ങളും ഏഴിന് 87 യന്ത്രങ്ങളും ആവശ്യമായി വരുമെന്നാണ് പ്രാഥമിക കണക്ക്. സ്മാം പദ്ധതിയിൽ കർഷകർ വാങ്ങിയതുൾപ്പെടെ 30 യന്ത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലുണ്ട്.

ബാക്കി യന്ത്രങ്ങൾ സ്വകാര്യ ഉടമകളിൽനിന്നോ ഏജന്റുമാരിൽ നിന്നോ ലഭ്യമാക്കേണ്ട സാഹചര്യത്തിലാണ് നിരക്ക് പുന:ക്രമീകരിച്ചതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ് പറഞ്ഞു. പാടശേഖര സമിതികൾ കൊയ്ത്തുയന്ത്ര ഉടമകളുമായോ ഏജന്റുമാരുമോ കരാറിലേർപ്പെടേണ്ടതുണ്ട്. നെല്ലുസംഭരണത്തിനുള്ള മില്ലുകൾ സംബന്ധിച്ച വിഷയങ്ങളിൽ വ്യക്തത വരുത്തി സംഭരണം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.