ലഹരിക്കെതിരെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: മന്ത്രി കെ. എന്‍. ബാലഗോപാല്‍

post

ലഹരി ഉപയോഗത്തിനെതിരെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംഘട്ട ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കൊല്ലം കളക്ടറേറ്റിനു ചുറ്റും സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും ലഹരിക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിന് ആരോഗ്യമുള്ള, ലക്ഷ്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സജീവ പങ്കാളിത്തം വഹിക്കണമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളെ മനസ്സിലാക്കുന്ന സമീപനം പിന്തുടരണമെന്ന് എം. മുകേഷ് എം.എല്‍.എ ഓര്‍മിപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിന് അധ്യാപക വിദ്യാര്‍ഥി മാനസിക സന്തുലനം ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ഗോപന്‍, എസ്.എസ്.കെ സംസ്ഥാന അഡിഷണല്‍ പ്രോജക്ട് കോഡിനേറ്റര്‍ കെ.എസ് ശ്രീകല, തുടങ്ങിയവര്‍ പങ്കെടുത്തു. കളക്ടറേറ്റ് ജീവനക്കാര്‍, അധ്യാപകര്‍, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ലഹരി വിരുദ്ധ ശൃംഖലയില്‍ അണിചേര്‍ന്നു. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രമേയം ഉള്‍ക്കൊള്ളുന്ന ഫ്‌ളാഷ് മോബ്, സംഘനൃത്തം, നാടകം തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ലഹരി വിരുദ്ധ ഒപ്പുശേഖരണം നടത്തി

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപന പരിപാടിയോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങളും രചനകളും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. കളക്ടറേറ്റിനു മുന്നില്‍ തയ്യാറാക്കിയ ക്യാന്‍വാസില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ലഹരിവിരുദ്ധ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. എം. മുകേഷ് എം.എല്‍.എ, കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍, കളക്ടറേറ്റ് ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഒപ്പുശേഖരണത്തില്‍ പങ്കാളികളായി.