1038 സ്ത്രീകള്‍ കൂടി അക്ഷര ലോകത്തേക്ക്; വനിതാദിനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങും

post

കോട്ടയം: സാക്ഷരതാ മിഷന്റെ കരംപിടിച്ച് അറിവിന്റെ പുതിയ ലോകത്തിലേക്ക് ചുവടുവച്ച ജില്ലയിലെ 1038 സ്ത്രീകള്‍ക്ക് ലോക വനിതാദിനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. 72 ഗ്രാമ പഞ്ചായത്തുകളിലെ 131 കോളനികളില്‍ നടത്തിയ സാക്ഷരതാ ക്ലാസുകളിലൂടെ 925 പേരും ഏഴു പട്ടികജാതി കോളനികളില്‍ നടത്തിയ നവചേതന പദ്ധതിയിലൂടെ 113 പേരുമാണ് സാക്ഷരരായത്.

അതത് കോളനികളില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങളിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക.  ചടങ്ങുകളില്‍ ആദരിക്കപ്പെടുന്ന മുതിര്‍ന്ന പഠിതാക്കള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. 320 പുരുഷന്‍മാര്‍ക്കും വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ചങ്ങാതി പദ്ധതി വഴി സാക്ഷരരായ 147 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മാര്‍ച്ച് എട്ടിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.  

സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് നേടിയ എല്ലാവരും നാലാംതരം തുല്യതാ കോഴ്‌സില്‍ രജിസ്റ്റര്‍   ചെയ്യുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ് അറിയിച്ചു. സാക്ഷരതാ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് ജില്ലയില്‍ 1200 ലധികം പഠിതാക്കളെ കണ്ടെത്തിയിട്ടുണ്ട്.