വിലക്കയറ്റം; വെള്ളരിക്കുണ്ട് താലൂക്കില്‍ പൊതുവിപണിയില്‍ പരിശോധന

post

പൊതുവിപണിയിലെ വിലകയറ്റം തടയുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട്് താലൂക്കിലെ കടകളില്‍ പരിശോധന നടത്തി. വെളളരിക്കുണ്ട് താലൂക്കിലെ ചോയ്യംകോട്, കാലിച്ചാമരം, കുന്നുംകൈ, വെള്ളരിക്കുണ്ട് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ മൊത്തവിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 10 കടകളിലാണ് പരിശോധന നടത്തിയത്. രണ്ടു കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതായി കണ്ടെത്തി. കടകള്‍ക്ക് ശക്തമായ താക്കീത് നല്‍കി. മാര്‍ക്കറ്റ് വിലയില്‍ അധികമായുള്ള വിലക്കയറ്റം കടകളില്‍ കണ്ടെത്താനായില്ല.

അരിവില അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭക്ഷ്യമന്ത്രി ഓണ്‍ലൈണ്‍ ആയി വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടറുടെയും ജില്ലാ സപ്ലൈ ഓഫീസറുടെയും യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനകള്‍ വിവിധ താലൂക്കളില്‍ നടന്നുവരുന്നതിന്റെ ഭാഗമായാണ് പരിശോധന. താലൂക്ക് സപ്ലൈ ഓഫിസര്‍ എന്‍.ജയപ്രകാശ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എം.രതീഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് പി.വി.വിനുകുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പി.കെ.ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.