കേരള സെറാമിക്‌സ് : ഭൂമി വിട്ടു നല്‍കിയ 15 കുടുംബങ്ങള്‍ക്ക് മൂന്നരകോടി ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി

post

സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ വ്യവസായങ്ങള്‍ കൊണ്ടുവരുമെന്ന് വ്യവസായ-നിയമമന്ത്രി പി.രാജീവ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള സിറാമിക്സ് ലിമിറ്റഡ് നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കമ്പനിയുടെ ഖനനാവശ്യത്തിന് ഏറ്റെടുക്കുന്നതിനായി ഭൂമി നല്‍കിയവര്‍ നാടിന്റെ വികസനത്തിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.ഇവര്‍ക്ക് അടിയന്തരമായി പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. പുനരധിവാസം വേണ്ട 15 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം ഒരു വര്‍ഷത്തിലാണ് പൂര്‍ത്തിയാക്കിയത്. മൂന്നര കോടിയാണ് ചെലവ്. ഓരോ വീടിനും രണ്ട് ബെഡ്റൂം, ഹാള്‍, സിറ്റൗട്ട്, അടുക്കള ഉള്‍പ്പെടെയാണ് നിര്‍മ്മാണം. വൈദ്യുതിവത്കരണവും പ്ലംബിംഗ് ജോലികളും ശുചീകരണ പ്രവര്‍ത്തികളും സജ്ജമാക്കിയിട്ടുണ്ട്

സ്ഥലം വിട്ടു നല്‍കിയവരുടെ കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.സമയബന്ധിതമായ നടപടികള്‍ ഇക്കാര്യത്തിലും സ്വീകരിക്കും. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ നാടിന്റെ സമ്പത്താണ്. അതു സംരക്ഷിക്കുകയെന്നത് മാത്രമല്ല സര്‍ക്കാര്‍ നയം. അതിനെ ലാഭത്തിലാക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ഉദ്പാദനക്ഷമവുമാക്കണം.സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്തുവരുന്നുണ്ട്.ഇത് സ്ഥാപനത്തിന് ഗുണകരമാകുമെന്ന ഉറച്ച വിശ്വാസവുമുണ്ട്.

എല്ലാ വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവയ്ക്കണമെന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ച് നല്‍കിയിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങളെയും സോഷ്യല്‍ ഓഡിറ്റി്ന് വിധേയമാക്കും. ഓഡിറ്റ്, ഓഡിറ്റ് റിപ്പോര്‍ട്ട്, വര്‍ക്ക് റിപ്പോര്‍ട്ട് എന്നിവ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമര്‍പ്പിക്കണം.ഇതിന് കാലാതാമസം അനുവദിക്കുകയുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായി ഒരു സ്ഥാപനം ആരംഭിക്കുന്നതിന് റിയാബ് പദ്ധതിയിടുന്നുണ്ട്.ഇത് പരിശോധിച്ച് വരികയാണ്.സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സഹകരണം ഉറപ്പാക്കി പൊതുമേഖലയെ ശാക്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.കുണ്ടറ സിറാമിക്സ് ലിമിറ്റഡിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്. ടു, ഡിഗ്രി, ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും മന്ത്രി വിതരണം ചെയ്തു.