അവശ്യസാധനങ്ങളുടെ വിലവർധന; സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന തുടരുന്നു

post

ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുന്നതിനായി ജില്ലയിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. നവംബർ നാലിനാണ് പരിശോധന ആരംഭിച്ചത്. 10 ദിവസത്തേക്കാണ് പരിശോധന. താലൂക്ക്-ജില്ലാതല സ്‌ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ഇതുവരെ 205 വിപണി പരിശോധനകൾ നടത്തിയതിൽ 99 ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ വി.കെ ശശിധരൻ അറിയിച്ചു.

പൊതുവിതരണ ഉപഭോക്തൃകാര്യം-റവന്യൂ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ജില്ലയിലെ ആറ് താലൂക്കുകളിലും പൊതുവിതരണ ഉപഭോക്തൃ കാര്യം-ഫുഡ് സേഫ്റ്റി-ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും വരുംദിവസങ്ങളിൽ സ്‌ക്വാഡ് പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.