ലഹരിക്കും അന്ധവിശ്വാസത്തിനും എതിരെ അണിനിരന്ന് ബേഡഡുക്കയിലെ ജനങ്ങള്‍

post

ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍. ബേഡഡുക്ക സി.ഡി.എസിന്റെ നേതൃത്വത്തിലാണ് മനുഷ്യച്ചങ്ങല ഒരുക്കിയത്. പെര്‍ളടുക്കം എ.കെ.ജി നഗറിനു മുന്‍പില്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിയെന്ന മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ആഭിജാര കൊലയും അന്ധവിശ്വാസവും കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്നും അവയെ തുടച്ചുനീക്കണം എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.വസന്തകുമാരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ ചങ്ങലയില്‍ അണിചേര്‍ന്നു.

പള്ളത്തിങ്കാല്‍ മുതല്‍ പെര്‍ളടുക്കം എകെജി നഗര്‍ വരെ പഞ്ചായത്തിലെ 17 എഡിഎസുകള്‍ക്ക് കീഴിലുള്ള 358 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണ് ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ കൈകള്‍ കോര്‍ത്തത്. ഒപ്പം സ്‌കൂള്‍ കുട്ടികള്‍ മുതല്‍, അധ്യാപകരും, വ്യാപാരികളും സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പൊതുപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗം ആളുകളും ചങ്ങലയില്‍ അണിചേര്‍ന്നു. ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്തംഗം എം.ഗോപാലകൃഷ്ണന്‍ കളവയല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരി വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ ഡി.എം.സി ടി.ടി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.ഗുലാബി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചലച്ചിത്ര താരം പി.കെ.ലോഹിതാക്ഷന്‍ പെരിങ്ങാനം, സി.നാരായണന്‍ പയ്യങ്ങാനവും എന്നിവര്‍ ചേര്‍ന്ന് ലഘുനാടകം നാട്ടുപ്പയമ അവതരിപ്പിച്ചു.