അഗ്നിശമനസേനയുടെ ആധുനികവത്ക്കരണം: ഇടപെടലുകൾ സ്വീകരിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി

post

സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലങ്കോട് പുതുതായി നിർമിച്ച ഫയർ ആൻഡ് റെസ്‌ക്യൂ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ശേഷിയുള്ള അഗ്നിശമന സേനയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

അതിന്റെ ഭാഗമായി ഫയർ ഫൈറ്റിങ് സ്യൂട്ട് ഉൾപ്പടെയുള്ള പ്രതിരോധത്തിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. സേനയുടെ ആധുനികവത്ക്കരണത്തിനും സേനക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി കഴിഞ്ഞ ബജറ്റിൽ നല്ല തുക വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

30 പേരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനായി കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് സേനയുടെ കീഴിൽ 30 പേർ അടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾക്ക് ഐ.ടി.ബി.പിയുടെ (ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്) നേതൃത്വത്തിൽ മൗണ്ടനിയറിങ് കോഴ്‌സുകൾ, ട്രെയിനിങ് ഓൺ ബേസിക് ഓപ്പൺ വാട്ടർ ഡൈവിങ്, അഡ്വാൻസ്ഡ് ഓപ്പറേഷനൽ സ്ട്രാറ്റജീസ്, അഡ്വാൻസ്ഡ് ഓപ്പൺ വാട്ടർ ഡൈവിങ് തുടങ്ങിയ പരിശീലനങ്ങൾ നൽകി കഴിഞ്ഞു. ഇന്ത്യൻ ആർമിയുടെ ആഭിമുഖ്യത്തിൽ റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കുകളിൽ പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ടാക്‌സ് ഫോഴ്‌സ് വിപുലീകരിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന് പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ സേവനം സംസ്ഥാനത്തുടനീളം ലഭ്യമാക്കുന്നതിനായി 2019 ലാണ് അഗ്നിശമനസേനക്ക് കീഴിൽ സിവിൽ ഡിഫൻസ് ടീം ആരംഭിച്ചത്. നിലവിൽ 7000-ത്തോളം വളണ്ടിയർമാർ സിവിൽ ഡിഫൻസ് വളണ്ടിയർമാരായി പരിശീലനം ലഭിച്ച് സേവനം ചെയ്യുന്നുണ്ട്. സിവിൽ ഡിഫൻസിൽ കൂടുതൽ ആളുകൾക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. സിവിൽ ഡിഫൻസ് അഗങ്ങൾക്ക് ഗംബൂട്ട്, ഹെൽമറ്റ് ഉൾപ്പടെയുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ആംബുലൻസ്, എം.യു.വി. വാഹനങ്ങൾ, കമ്മ്യൂണിക്കേഷൻ-സുരക്ഷ സംവിധാനങ്ങൾ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്.

സാമൂഹ്യ ബോധവത്ക്കരണം, മോക്ക് ഡ്രിൽ എന്നിവയും സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി രൂപീകരിച്ച റോഡ് സുരക്ഷാ ജാഗ്രത ടീമുകൾ മനോഹരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വീടുകളിൽ അഗ്നിബാധ കുറയ്ക്കുന്നതിനായി കുടുംബശ്രി മുഖേന നടപ്പാക്കുന്ന ഗൃഹസുരക്ഷ ക്ലാസുകളും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന് 129 സ്റ്റേഷനുകൾ നിലവിലുണ്ട്. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്ത എല്ലാ സ്റ്റേഷനുകൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി സ്വന്തമായി ഭൂമിയില്ലാത്ത സാഹചര്യം ഉണ്ടെങ്കിൽ അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വമാണ് പ്രധാനം എന്ന കാഴ്ചപ്പാടോടുകൂടിയാണ് പുതിയ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കി സേനയെ നവീകരിക്കുന്നത്. അത്തരം കാഴ്ചപ്പാട് മനസിലാക്കി പ്രവർത്തിക്കാൻ സേനാംഗങ്ങൾ ശ്രദ്ധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ് ഇനിയുമത് ഭംഗിയായി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അഗ്നിശമനസേന വിഭാഗത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നിൽ വലിയ പ്രതിജ്ഞാബദ്ധതയോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ജനങ്ങളോടുള്ള താത്പര്യം ഒരുഭാഗത്തും സേനയോടുള്ള പ്രത്യേക താത്പര്യം വേറൊരു ഭാഗത്തും ഇത് രണ്ടും കൂടെ ചേർന്നതിനാലാണ് ഫയർ ആൻഡ് റെസ്‌ക്യൂ കെട്ടിടനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തസാഹചര്യം നേരിടുന്നതിനും അത് മറികടക്കുന്നതിനും നിലവിൽ അഗ്നിശമനസേന സജ്ജമാണ്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുന്നതിനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീപിടുത്തം ഉണ്ടാവുമ്പോഴാണ് സാധാരണയായി അഗ്നിശമന സേനയെ ഓർക്കാറുള്ളത്. എന്നാൽ നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയ കഴിഞ്ഞ വർഷങ്ങളിൽ മഹത്തരമായ പ്രവർത്തനങ്ങളാണ് അഗ്നിശമനസേന നടത്തിയത്. കോവിഡ്കാലത്ത് രോഗ പ്രതിരോധത്തിലും അണുനശീകരണ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതാണ് മയക്കുമരുന്ന്. സംസ്ഥാന സർക്കാർ അതിനെതിരെ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഒന്നാംഘട്ട ക്യാമ്പയിൻ കഴിഞ്ഞു. രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങുകയാണ്. അതിന് സമൂഹത്തിന്റെ നാനാതുറകളിലുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ഉണ്ടാവണം.

കുട്ടികളെയാണ് മയക്കുമരുന്ന് പ്രധാനമായും ലക്ഷ്യമിടുന്നത്. കുട്ടികളിലൂടെ നാടിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മയക്കുമരുന്നിനെ കാണണം. ഇതിനെതിരെ നല്ല രീതിയിലുള്ള പ്രതിരോധം തീർക്കാനാവണം. മയക്കുമരുന്ന് മുക്തനാടായി നമുക്ക് സംസ്ഥാനത്തെ മാറ്റാൻ കഴിയണം. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി രണ്ട് കോടി ഗോളടിച്ച് കേരളത്തിൽ മയക്കുമതിനെതിരെയുള്ള പ്രതിരോധം തീർക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.