ചോദ്യങ്ങള്‍ ഉന്നയിച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ സാന്ത്വനം പകര്‍ന്ന് കളക്ടര്‍

post

കളക്ടറോട് നേരിട്ട് സംശയങ്ങള്‍ ചോദിച്ചും മനസു കുളിര്‍ക്കുന്ന മറുപടി കേട്ടും കാസര്‍കോട് ബി.ആര്‍.സി പരിധിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരു ദിവസമായിരുന്നു ചൊവ്വാഴ്ച. ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കളക്ടറെയും കളക്ടറുടെ കാര്യാലയവും സന്ദര്‍ശിക്കാനായി എത്തിയത്. ഏഴ് പഞ്ചായത്തുകളില്‍ നിന്നായി തിരഞ്ഞെടുത്ത 26 ഭിന്നശേഷി കുട്ടികളാണ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിനെ സന്ദര്‍ശിച്ചത്. ഭിന്നശേഷി വിഭാഗത്തില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാരം' ലഭിച്ച യു.എസ്.അമലിനെ കളക്ടര്‍ മൊമന്റോ നല്‍കി അനുമോദിച്ചു.

കുട്ടികള്‍ അവരുടെ പ്രശ്നങ്ങളും, സംശയങ്ങളും കളക്ടറുമായി പങ്കിട്ടു. കാസര്‍കോട് ഗവ. അന്ധ വിദ്യാലയത്തില്‍ നിലവില്‍ പത്താംതരം വരെ മാത്രമാണ് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ഉള്ളത്. സൗജന്യ ഹോസ്റ്റല്‍ സൗകര്യം പന്ത്രണ്ടാം തരം വരെ ഉയര്‍ത്തുക എന്നതായിരുന്നു പ്രധാനമായും കുട്ടികള്‍ കളക്ടറോട് ഉന്നയിച്ച ആവശ്യം. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കളക്ടര്‍ നവംബര്‍ 19ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് യോഗം വിളിക്കുമെന്ന് ഉറപ്പ് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബുവിന് കത്തെഴുതുമെന്നും അറിയിച്ചു. യാത്രാ ക്ലേശമായിരുന്നു വിദ്യാര്‍ത്ഥികളുടെ മറ്റൊരു പ്രശ്‌നം. സ്‌കൂളില്‍ ചെല്ലാന്‍ സൗജന്യ യാത്ര സൗകര്യമൊരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടികള്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളിലെയും പി.ടി.എയുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണം തേടുമെന്നും ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കളക്ടര്‍ ആവാന്‍ ഏതു വിഷയമാണ് പഠിക്കേണ്ടത് എന്നായിരുന്നു ഒരു മിടുക്കിയുടെ സംശയം. കാഴ്ചയില്ലായ്മ കളക്ടര്‍ ആവുക എന്ന തന്റെ സ്വപ്നത്തിന് തടസ്സമാവുമോ എന്നതായിരുന്നു മറ്റൊരു കുട്ടിയുടെ സംശയം. എല്ലാ സംശയങ്ങള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ കൃത്യമായി മറുപടി നല്‍കി. കൂടാതെ സര്‍ക്കാര്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നല്‍കിവരുന്ന പദ്ധതികളെ കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.