ബേക്കല്‍ കോട്ടയില്‍ ലോക പൈതൃക വാരാഘോഷം 19 മുതല്‍

post

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷണ്‍ കൗണ്‍സില്‍, ബി.ആര്‍.ഡി.സി എന്നിവ സംയുക്തമായി നവംബര്‍ 19 മുതല്‍ 25 വരെ ബേക്കല്‍ കോട്ടയില്‍ ലോക പൈതൃക വാരാഘോഷം നടത്തും. പൊതുജനങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ഉപകാരപ്രദമായ വൈവിധ്യമാര്‍ന്ന അക്കാദമിക സാംസ്‌കാരിക പരിപാടികളാണ് ഇത്തവണ നടത്തുക. നവംബര്‍ 20 മുതല്‍ 24 വരെ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം, ക്വിസ്, ഉപന്യാസ രചന തുടങ്ങിയ വിവിധ പൈതൃക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങള്‍ നടത്തും.

24ന് ബേക്കല്‍ കോട്ടയിലും പരിസരത്തും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പ്രത്യേക ശുചീകരണ ക്യാമ്പിംഗ് നടത്തും. എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികളുമുണ്ടാകും. ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന ചടങ്ങ് നവംബര്‍ 25 ന് ബേക്കല്‍ കോട്ടയില്‍ നടക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. തുടര്‍ന്ന് സംഗീത സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. 19ന് പൊതുജനങ്ങള്‍ക്ക് കോട്ടയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എല്ലാ വര്‍ഷവും നവംബര്‍ 19 മുതല്‍ 25 വരെ അഖിലേന്ത്യാ തലത്തില്‍ ലോക പൈതൃക വാരാഘോഷം നടത്തുന്നു. രാജ്യത്തെ സമ്പന്നമായ മൂര്‍ത്തവും അദൃശ്യവുമായ പൈതൃകത്തിന്റെ മികച്ച വിലയിരുത്തലിനും മൂല്യനിര്‍ണ്ണയത്തിനുമായി യുവതലമുറയിലും പൊതുജനങ്ങളിലും സാംസ്‌കാരിക അവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.