ചെറുവത്തൂരില്‍ ആത്മഹത്യ പ്രതിരോധ ക്ലിനിക്കുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

post

കാസർകോട്: സാധാരണ ജനങ്ങളിലേക്ക് ആത്മഹത്യയ്ക്ക് എതിരെയുള്ള സന്ദേശം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയപങ്ക് വഹിക്കാന്‍ സാധിക്കുമെന്ന കാഴ്ചപാടിൽ നിന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആത്മഹത്യ പ്രതിരോധ ക്ലിനിക്ക് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു. ബ്ലോക്കിനു കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളില്‍ ആത്മഹത്യ പ്രവണതയുള്ളവര്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം ആത്മഹത്യയ്‌ക്കെതിരായ സന്ദേശ പ്രചരണം എന്നിവയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ കണക്കുകളും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അതുമൂലം വ്യക്തിക്കും കുടുംബാംഗങ്ങളും യവിഷമതകള്‍ അനുഭവിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണത കുറയ്ക്കുക, മാനസിക ആരോഗ്യം ശക്തിപ്പെടുത്തുക, പ്രശ്ന പരിഹാരത്തിനായി സ്വയം സജ്ജരാക്കുക, കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലിനിക്ക് ആരംഭിക്കുന്നത്. പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രശ്നപരിഹാരത്തിനായി അവരെ സ്വയം സജ്ജരാക്കുന്നതിനായി കൗണ്‍സിലിംഗും വിവിധ തരത്തിലുള്ള പരാമര്‍ശസേവനങ്ങളും നല്‍കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചെറുവത്തൂര്‍ സി.എച്ച്.സിയില്‍ ആരംഭിക്കുന്ന ക്ലിനിക്കില്‍ കൗണ്‍സിലറുടെ സേവനം ലഭ്യമാണ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സിംഗിള്‍പാരന്റ് ഫാമിലി, മദ്യപാനം മൂലം വിഷമിക്കുന്ന കുടുംബാംഗങ്ങള്‍, അച്ഛനോ അമ്മയോ ഉപേക്ഷിച്ചുപോയ കുട്ടികള്‍,മറ്റു പലവിധകാരണങ്ങളാല്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ എന്നിവയെ കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ കണ്ടെത്തുവാനും അവര്‍ക്ക് വ്യക്തിഗത കൗണ്‍സിലിംഗിലൂടേയും ഗ്രൂപ്പ് കൗണ്‍സിലിംഗിലൂടേയും, ആവശ്യമെങ്കില്‍ നിലവിലുള്ള സംവിധാനങ്ങളായി സൈക്യാട്രിക് ഹെല്‍പ്പ്, മെഡിക്കേഷന്‍, റീഹാബിറ്റേഷന്‍ എന്നിവയിലൂടെ ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുന്നതിനായി വ്യക്തികളെ സഹായിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആഴ്ചയില്‍ അഞ്ചു ദിവസം രാവിലെ 10 മണിമുതല്‍ വൈകിട്ട് നാലുവരെ ക്ലിനിക്കില്‍ നേരിട്ടും, ഫോണ്‍ മുഖാന്തിരവും കൗണ്‍സിലിംഗ് സൗകര്യം ഉണ്ടായിരിക്കും. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്ന സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും / സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും, കൗണ്‍സിലിംഗ് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള കൗണ്‍സിലറുടെ സേവനം സൗജന്യവുമായിരിക്കും. ശനിയാഴ്ചകളില്‍ അങ്കണവാടികള്‍, എസ്എച്ച് ജി ഗ്രൂപ്പുകള്‍ മുഖേന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്താനും പദ്ധതി വിഭാവനം ചെയ്യുന്നു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ മോണിറ്ററിംഗ് കമ്മിറ്റിയുടെയും സി.എച്ച്.സി ഡോക്ടര്‍മാര്‍, വനിതാശിശു വികസന വകുപ്പ് എന്നിവരുടെ പിന്തുണയും ഈ പദ്ധതിക്കുണ്ട്. ഓഫീസും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 15,000 രൂപയും കൗണ്‍സിലര്‍മാരുടെ വേതനം, മറ്റ് അനുബന്ധ പ്രവര്‍ത്തനം എന്നിവയ്ക്കായി 1,35,000 രൂപയും അടക്കം 1,50,000 രൂപ അടങ്കല്‍ തുകയാണ് പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്.