ബ്രാന്‍ഡഡ് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം: ജില്ലയില്‍ ആറ് ചില്ലറ വില്‍പ്പനശാലകള്‍

post

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ ആരംഭിക്കുന്ന പ്രീമിയം ചില്ലറ വില്‍പ്പനശാലകളില്‍ ജില്ലയില്‍ അനുവദിച്ചത് ആറെണ്ണം. കൃഷിവകുപ്പ് ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന 'കൃഷിയിടാധിഷ്ഠിത ഉല്‍പ്പാദന പദ്ധതി'യില്‍ സംസ്ഥാനത്ത് തുടങ്ങുന്ന 60 വില്‍പ്പനശാലകളില്‍ ഉള്‍പ്പെടുന്നതാണിവ.

ബ്രാന്‍ഡഡ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവ ഉല്‍പ്പന്നങ്ങളും നല്ല കാര്‍ഷികമുറകള്‍ പാലിച്ച് (ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടീസസ്) ഉല്‍പ്പാദിപ്പിച്ച പഴം, പച്ചക്കറികളുമാണ് വില്‍പ്പനശാലയിലൂടെ ലഭിക്കുന്നത്. 'കൃഷിയിടാധിഷ്ഠിത ഉല്‍പ്പാദന പദ്ധതി'യില്‍ രൂപീകരിക്കുന്ന കാര്‍ഷികോല്‍പ്പാദക സംഘടനകള്‍, നിലവിലെ കാര്‍ഷികോല്‍പ്പാദക കമ്പനികള്‍, കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇത്തരം വിപണനകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിപ്പിക്കുന്ന സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് വില്‍പ്പനശാലകള്‍ ആരംഭിക്കാം. പദ്ധതികള്‍ ജില്ലാ കൃഷി ഓഫീസര്‍ക്ക് നല്‍കണം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ നിരക്കില്‍ വില്‍പ്പനശാലയുടെ അടിസ്ഥാനസൗകര്യത്തിനായി ചെലവഴിക്കുന്ന തുകയുടെ പകുതിയാണ് സാമ്പത്തികസഹായമായി ലഭിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ബില്ലുകളും വൗച്ചറുകളും അടിസ്ഥാനമാക്കി റീഇമ്പേഴ്‌സ്‌മെന്റ് രീതിയിലാകും സബ്‌സിഡി ലഭിക്കുക. നിലവില്‍ ചെറിയതോതില്‍ വിപണനം നടത്തുന്ന കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് പ്രീമിയം വില്‍പ്പനശാലകളിലേക്ക് മാറുമ്പോള്‍ അധികമായി ചെലവഴിക്കുന്ന തുകയ്ക്ക് സബ്‌സിഡി നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ കൃഷിഭവനുകളില്‍ നിന്ന് ലഭിക്കും.