ലൈഫ് മിഷന്‍: പങ്കാളിത്തപദ്ധതിക്ക് തയാറാവുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന
തിരുവനന്തപുരം :ഭവനരഹിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷനില്‍ പങ്കാളിത്തരീതിയില്‍ ഭവനങ്ങള്‍ നിര്‍മിക്കാന്‍ തയാറാകുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ യു.വി. ജോസ് അറിയിച്ചു. വര്‍ഷാവസാനത്തോടെ രണ്ട് ലക്ഷം കുടുംബങ്ങളുടെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച എറണാകുളം ജില്ലയിലെ ഹൗസിംഗ് ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തിക വര്‍ഷത്തോടെ ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളെയാണ് മൂന്നാം ഘട്ടത്തില്‍ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ ഭവനനിര്‍മ്മാണ പദ്ധതി മാത്രമല്ലെന്നും ഒരു കുടുംബത്തെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വലിയ ഉദ്യമമാണതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ലക്ഷ്യം മുന്നില്‍ കണ്ട് അടുത്ത മാസം ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങള്‍ ആരംഭിക്കും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ എല്ലാ സര്‍ക്കാര്‍ സഹായങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് കുടുംബ സംഗമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഭവനം ഒരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ബഹുനില കെട്ടിടങ്ങളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെങ്കിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലെ സ്ഥല ലഭ്യതയനുസരിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാം. സ്ഥലപരിമിതി ഉള്ളിടത്ത് പരമാവധി നാല് നിലകളുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കുക. വരുംദിവസങ്ങളില്‍ പദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം ഉദ്യോഗസ്ഥര്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റവന്യൂ പുറമ്പോക്ക് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഉപയോഗമില്ലാത്ത സ്ഥലങ്ങളും ലൈഫ് പദ്ധതിക്ക് ലഭ്യമാക്കാന്‍ അപേക്ഷ നല്‍കാമെന്ന് പറഞ്ഞ സി.ഇ.ഒ പദ്ധതിക്ക് ഭൂമി കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് മന്ത്രിസഭയുടെ പിന്തുണയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതികളിലേക്ക് ലൈഫ് മിഷന് കീഴിലെ ഭവന നിര്‍മ്മാണം സ്വാഭാവികമായി മാറണമെന്ന് നിര്‍ദ്ദേശിച്ച യു. വി ജോസ് ഇത്തരം നിര്‍മ്മാണ രീതികള്‍ നിര്‍ബന്ധമാക്കില്ലെന്നും വ്യക്തമാക്കി. ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോഗ്രാം ഡയറക്ടര്‍ കെ.ജി തിലകന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.