ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ ആരംഭിച്ചു

post

കാസർകോട്: ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഡിസംബർ  26 മുതല്‍ 31 വരെ തീയതികളില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് 14 കേന്ദ്രങ്ങളിലാണ് ഉപജില്ലാ ക്യാമ്പുകള്‍ നടത്തുന്നത്. ജില്ലയിലെ 121 സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകളിലെ 10140 അംഗങ്ങളില്‍ നിന്നും സ്‌കൂള്‍തല ക്യാമ്പില്‍ മികവ് തെളിയിച്ച 856 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഒരു യൂണിറ്റില്‍ നിന്ന് പ്രോഗ്രാമിങ്, ആനിമേഷന്‍ വിഭാഗങ്ങളില്‍ നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയില്‍ പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടില്‍ എത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം, പ്രോഗ്രാമിങ് സോഫ്റ്റ്വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികള്‍ തയാറാക്കും. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകള്‍ ഓപ്പണ്‍ ടൂണ്‍സ് എന്ന സോഫ്റ്റ്വെയറില്‍ ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികളും തയാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ക്യാമ്പിന്റെ രണ്ടാം ദിവസം കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍സാദത്ത് ക്യാമ്പംഗങ്ങളുമായി ലിറ്റില്‍ കൈറ്റസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഓണ്‍ ലൈനായി ആശയ വിനിമയം നടത്തും.

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ് വെയറായ ആപ്പ് ഇന്‍വെന്റര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, നല്ല ആരോഗ്യ ശീലങ്ങള്‍ മാറിമാറി നല്‍കുന്ന ആപ്പ് എന്നിവയുടെ നിര്‍മാണം, ത്രീഡി അനിമേഷന്‍ സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍, റ്റുഡി അനിമേഷന്‍ സോഫ്റ്റ്വെയറായ ഓപ്പണ്‍ടൂണ്‍സ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷന്‍ നിര്‍മാണം, സൈബര്‍ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍, അവതരണങ്ങള്‍ എന്നിവയാണ് ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകള്‍.

ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ് മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുന്ന പാഠ്യഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉപജില്ലാ ക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ജില്ലാ ക്യാമ്പിലേക്കുള്ളവരെ തെരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്സിലും ബ്ലെന്റര്‍ സോഫ്റ്റ്വെയറിലും പരിശീലനം നല്‍കും.