ആകാശത്തോളം വിശേഷങ്ങളുമായി കയ്യൂര്‍ ഫെസ്റ്റില്‍ ഐ.എസ്.ആര്‍.ഒ

post

ഐ.എസ്.ആര്‍.ഒ യുടെ ആദ്യത്തെ വിക്ഷേപണ വാഹനമായ എസ്.എല്‍.വി. 3 മുതല്‍ ഏറ്റവും ഒടുവില്‍ ബഹിരാകാശ യാത്രയ്ക്കായി ഒരുങ്ങുന്ന എച്ച്.ആര്‍.എല്‍.വി വരെയുളളവയുടെ മാതൃക കാണണമെങ്കില്‍ കയ്യൂരില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ എത്താം. ഐ.എസ്.ആര്‍.ഒ യുടെ സ്പേസ് ഓണ്‍ വീല്‍സ് എന്ന പേരില്‍ വാഹനത്തില്‍ ഒരുക്കിയ പ്രദര്‍ശനമാണ് കയ്യൂര്‍ ഫെസ്റ്റില്‍ സന്ദര്‍ശകരെ ആദ്യം സ്വാഗതം ചെയ്യുന്നത്.

ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവായ വിക്രം സാരാഭായിയുടെ ഓര്‍മ്മയ്ക്കായ് ഒരുക്കിയ അദ്ദേഹത്തിന്റെ ചിത്രവും ഉദ്ധരണികളുമാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ' ബഹിരാകാശ പദ്ധതി ഇന്ത്യക്ക് താങ്ങാനാകുമോ എന്ന ചോദ്യമല്ല, ദേശീയ വികസനത്തിന് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കാതിരിക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്നതാണ് ചോദ്യം' എന്ന വിക്രം സാരാഭായിയുടെ ഉദ്ധരണിയോടെ ആരംഭിക്കുന്നു പ്രദര്‍ശനം.

ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ പിതാവായ എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ 1980ല്‍ ഒരുക്കിയ ഇന്ത്യയുടെ ആദ്യ വിക്ഷേപണ വാഹനമായ എസ്.എല്‍.വി 3, പി.എസ്.എല്‍.വി ശ്രേണിയില്‍ വരുന്ന വിക്ഷേപണ വാഹനങ്ങള്‍ എന്നിവയുടെ മാതൃകകളും കാണാം. മനോഹരമായി ഒരുക്കിയ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറകളുടെ മാതൃകകളും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. ഐ.എസ്.ആര്‍.ഒയുടെ പടക്കുതിര എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ ജി.എസ്.എല്‍.വിയുടെ മാതൃകകളാണ് പിന്നീടുള്ളത്.

ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 1, ഐ.എസ്.ആര്‍.ഒ യുടെ സങ്കീര്‍ണവും രണ്ടാം ചാന്ദ്രദൗത്യവുമായ ചന്ദ്രയാന്‍ 2 എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ദൃശ്യവിരുന്നും കാഴ്ചക്കാരന് അനുഭവിച്ചറിയാം. ഗഗന്‍യാന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനമായ ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളിനെ കുറിച്ചുള്ള വിവരങ്ങളും മാതൃകയും പ്രദര്‍ശനത്തിലുണ്ട്.

ഐ.എസ്.ആര്‍.ഒ ഔട്ട് റീച്ച് വിഭാഗം ഇന്‍ ചാര്‍ജ് കെ.സുരേഷാണ് പ്രദര്‍ശനത്തിലൊരുക്കിയിരിക്കുന്ന മാതൃകകളുടെ വിശദമായ വിവരങ്ങള്‍ കാഴ്ചക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ഐ.എസ്.ആര്‍.ഒ ജീവനക്കാരായ അനീഷ്, ബിനു, ശ്രീരാജ് എന്നിവരും കൂടെയുണ്ട്.