സ്ത്രീകളെ തൊഴിലരങ്ങത്തേക്ക് കൈപിടിക്കാന്‍ കുടുംബശ്രീയും

post

കാസര്‍കോട്: സ്ത്രീകളെ അടുക്കളയില്‍ നിന്നും തൊഴിലരങ്ങത്തേക്ക് കൈപിടിക്കാന്‍ നോളജ് എക്കോണമി മിഷന്‍ കുടുംബശ്രീയുടെ സഹകരണത്തോടെ വിദ്യാസമ്പന്നരായ തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ഒരുക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2023 ലെ സാര്‍വ്വദേശീയ വനിതാദിനത്തില്‍ ആയിരം സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം നല്‍കും.

'എന്റെ ജോലി എന്റെ അഭിമാനം' പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് പദ്ധതിയൊരുക്കുന്നത്. അറുപതു ദിവസം കൊണ്ട് സംസ്ഥാനത്ത് ആയിരം സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുക എന്ന തീവ്രയജ്ഞ പരിപാടിയാണ് നോളജ് ഇക്കോണമി മിഷന്‍ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 42 കമ്മ്യൂണിറ്റി അംബാസിഡര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

തൊഴില്‍ ലഭിക്കുന്ന സ്ത്രീകള്‍ക്ക് മാര്‍ച്ച് 8 ന് മുഖ്യമന്ത്രി ഓഫര്‍ ലെറ്റര്‍ കൈമാറും. ഇതിനായി നോളജ് ജോബ് യൂണിറ്റ് തയ്യാറാക്കി വരുന്നു. കമ്മ്യൂണിറ്റി അംബാസിഡറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ പ്ലസ്ടുവും അതിനു മുകളില്‍ യോഗ്യതയുമുള്ള 25 വനിതകളെ ചേര്‍ത്താണ് യൂണിറ്റ് തയ്യാറാക്കിയിരിക്കുന്നത്. പല കരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകള്‍ക്ക് തുടര്‍ ജോലി നേടാന്‍ വലിയൊരു അവസരമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.

നോളജ് എക്കോണമി മിഷന്‍ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ സര്‍വ്വേയില്‍ പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും 59 വയസില്‍ താഴെ പ്രായമുള്ളവരുമായ 53 ലക്ഷം തൊഴില്‍ അന്വേഷകര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 58 ശതമാനം സ്ത്രീകളാണ്. ഇവര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ പദ്ധതി വഴി കണ്ടെത്തും. തൊഴില്‍ അന്വേഷകര്‍ക്കായി ഡിജിറ്റല്‍ മാനേജ്മെന്റ് വര്‍ക്ക്ഫോഴ്സ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്) എന്ന വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍, രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തൊഴില്‍ അന്വേഷകരായ സ്ത്രീകള്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെയും മത്സ്യബന്ധന സമൂഹങ്ങളിലെയും ഭിന്നശേഷി വിഭാഗത്തിലെയും സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇതിനായി ഫെബ്രുവരിയില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും തൊഴില്‍ മേള നടത്തും.