ഞാനും എന്റെ മലയാളവും മാതൃകാ പദ്ധതിയുമായി മടിക്കൈ പഞ്ചായത്ത്

post

കാസര്‍കോട്: പ്രത്യേക വിദ്യാഭ്യാസ കോംപ്ലക്സ് എന്ന ആശയം നടപ്പിലാക്കി പഠനത്തിന് പുതു വെളിച്ചമേകിയ മടിക്കൈ പഞ്ചായത്ത് സമഗ്ര ഭാഷാ ബോധന പരിപാടിയിലൂടെ ഒരിക്കൽ കൂടി സംസ്ഥാന ശ്രദ്ധയിലേക്ക്. കോവിഡ് കാലഘട്ടം സൃഷ്ടിച്ച മാതൃഭാഷാ ബോധനത്തിലെ വിടവ് കണ്ടെത്തി പരിഹരിക്കാൻ ആവിഷ്ക്കരിച്ച ഞാനും എന്റെ മലയാളവും പദ്ധതിയാണ് ശ്രദ്ധാകേന്ദ്രമാവുന്നത്. ഓൺ ലൈൻ പഠന കാലത്തെ ഭാഷാ പഠനം ശേഷികൾ ആർജ്ജിക്കുന്നതിൽ പര്യാപ്തമായില്ലെന്ന കണ്ടെത്തലാണ് പഞ്ചായത്ത് തലത്തിൽ ഇങ്ങിനെ ഒരു പദ്ധതി രൂപീകരിക്കാൻ പ്രേരണയായത്.

3 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിലെ പഠന വിടവ് നികത്തി പ്രതീക്ഷിത നിലവാരത്തിലുള്ള ഭാഷാശേഷിയിലേക്ക് അവരെ എത്തിക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ.എം.ബാലന്റെ നേതൃത്വത്തിൽ പ്രത്യേക അധ്യാപക വർക് ഷോപ്പ് സംഘടിപ്പിച്ച് മൊഡ്യൂൾ തയ്യാറാക്കി. 45 ദിവസം കൊണ്ട് 62 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ക്ലാസ് നടത്തും. ഇതിനായി സ്കൂൾ തല പ്രീ-ടെസ്റ്റ് നടത്തി 350 വിദ്യാർത്ഥികളെ കണ്ടെത്തി. പരിഹാര ബോധനം ഇതിനകം 15 ദിവസം പിന്നിട്ടു. പദ്ധതിയുടെ വിലയിരുത്തലിനായി കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക മോണിറ്ററിംഗ് സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പഠനത്തിന് പുറമെ ചെയ്ത് പഠിക്കാനുള്ള 45 ദിവസത്തെ പ്രത്യേക വർക് ഷീറ്റുകളും വിദ്യാർത്ഥികൾക്ക് നൽകും. മൊഡ്യൂൾ നിർമ്മാണത്തിനും അധ്യാപക ശാക്തീകരണത്തിന്നുമായി പ്രത്യേക പരിശീല പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ അധ്യാപകർക്കു പുറമെ അധ്യാപക പരിശീലന യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ സേവനവും പദ്ധതി നിർവ്വഹണത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങളിൽ പ്രത്യേക പി.ടി.എ, പഠിതാക്കളുടെ രക്ഷാകർത്താക്കൾക്കുളള യോഗങ്ങൾ എന്നിവ സംഘടിപ്പിച്ച് വിപുലമായ ഒരുക്കവും നടത്തിയിരുന്നു.

പഞ്ചായത്തിന്റെ പുതു ചുവട് ഏറെ പ്രതീക്ഷയോടെയാണ് വിദ്യാഭ്യാസ വിദഗ്ധർ ഉറ്റുനോക്കുന്നത്. പദ്ധതി നിർവ്വഹണാർത്ഥം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച മൊഡ്യൂളിന്റെ പ്രകാശനം 31 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ പ്രകാശനം നടത്തും.