കല്ലറ പഞ്ചായത്തിലും ഇനി ഗ്രാമവണ്ടി ഓടും

post

* ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കണം: മന്ത്രി ആന്റണി രാജു


സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും ഗ്രാമവണ്ടി ജനകീയമാക്കുന്നതിൽ പഞ്ചായത്തുകൾക്ക് പ്രധാനപങ്കുണ്ടെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുന്നതിനും നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കല്ലറ പഞ്ചായത്തിൽ, കെ.എസ്.ആർ.ടി.സിയും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ യാത്രാബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്ക് 16 സർവീസുകളാണ് നിലവിൽ ഗ്രാമവണ്ടിക്കുള്ളത്. സൗജന്യ കന്നിയാത്രയിൽ ഡി.കെ മുരളി എം.എൽ.എയും യാത്രക്കാരനായി. കീഴാർ റൂട്ടിലായിരുന്നു ഗ്രാമവണ്ടിയുടെ ആദ്യ യാത്ര. 


കല്ലറ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി, ത്രിതല പഞ്ചായത്തംഗങ്ങൾ, കെ.എസ്.ആർ.ടി.സി, പഞ്ചായത്ത് ജീവനക്കാർ എന്നിവരും പങ്കെടുത്തു.