കാമാക്ഷി പഞ്ചായത്തില്‍ പദ്ധതി സമര്‍പ്പണവും സബ്സിഡി വിതരണവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

post

കാമാക്ഷി ഗ്രാമപഞ്ചായന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും സബ്സിഡി വിതരണവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എല്ലാ മേഖലയിലും മാറ്റം വരുത്താന്‍ സാധിച്ച പഞ്ചായത്ത് എന്ന നിലയില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് അഭിനന്ദനം അര്‍ഹിക്കുന്നതായും ടൂറിസം മേഖലയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് കാഴ്ചവച്ചതായും മന്ത്രി പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച ജനതാപടി അംഗനവാടിയുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.

2022 - 23 സാമ്പത്തിക വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കാമാക്ഷി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. ഉപ്പുതോട്, ജനതാപടി അംഗനവാടികള്‍, കാല്‍വരി മൗണ്ട് ടൂറിസം കേന്ദ്രം കമാനം എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പിങ്ക് കഫെ, വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം എന്നിവ പുരോഗമിക്കുകയാണ്. കാര്‍ഷിക അനുബന്ധ മേഖലയില്‍ പ്രയോജനപ്രദമായ തുരിശ് കുമ്മായ വിതരണം, തേനീച്ച വളര്‍ത്തല്‍, ഭക്ഷ്യവിള പ്രോത്സാഹനം, ലൈഫ് പദ്ധതിയുടെ ആരംഭം, ഉറവിടം മാലിന്യ സംസ്‌കരണത്തിനു വേണ്ടിയുള്ള ബയോ കമ്പോസ്റ്റര്‍ ബിന്‍, സോളാര്‍ ലാംപ് , ലാപ്ടോപ്പ് , പഠനോപകരണ വിതരണം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.