അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം: പെരുമാതുറയില്‍ ബീച്ച് ക്ലീന്‍ അപ് ഡ്രൈവ്

post

പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീന്‍ അപ് ഡ്രൈവ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കര്‍മസേന. ഹരിതകര്‍മസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കടലോരശുചീകരണത്തില്‍ മന്ത്രിയും പങ്കാളിയായി.


ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശപ്രകാരം 2023 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.