വികസന കാഴ്ചകള്‍ക്കൊപ്പം വിനോദവുമായ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് പവലിയന്‍

post

വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം വിനോദത്തിനും അവസരം ഒരുക്കി 'എന്റെ കേരളം' പ്രദര്‍ശന മേളയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്യുകയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പവലിയന്‍. കേരളം കൈവരിച്ച വികസന നേട്ടങ്ങള്‍ അടയാളപ്പെടുത്തി എറണാകുളം മറൈന്‍ഡ്രൈവിലെ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റല്‍ ചിത്രങ്ങളും, വീഡിയോകളും ജനശ്രദ്ധയാകര്‍ഷിച്ചു. ചിത്രങ്ങള്‍ക്ക് താഴെയുള്ള എല്‍.ഇ.ഡി വാളില്‍ നിന്ന് വിശദാംശങ്ങള്‍ എളുപ്പത്തില്‍ അറിയാൻ കഴിയും. ആരോഗ്യം, ടൂറിസം, ക്ഷേമ പെന്‍ഷന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കോവിഡ് വാക്‌സിനേഷന്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, പോലീസ്, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ചിത്രപ്രദര്‍ശനത്തില്‍.

ആകര്‍ഷകമായ സമ്മാനങ്ങളുമായി ജനങ്ങളെ വരവേല്‍ക്കുകയാണ് സ്റ്റാളിലെ 'ഒന്നാണ് നമ്മള്‍ ഒന്ന് ഡിജിറ്റല്‍ ക്വിസ്'മത്സരം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ലക്കി ഡ്രോയിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിയിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്.

360 ഡിഗ്രി സെല്‍ഫി വീഡിയോ എടുക്കാം...ആഘോഷിക്കാം

മറൈന്‍ഡ്രൈവിലെ എന്റെ കേരളം പ്രദര്‍ശന വേദിയെ ആകര്‍ഷകമാക്കുകയാണ് 360 ഡിഗ്രി സെല്‍ഫി ബൂത്ത്. കണ്ണിലൊരു കൗതുകത്തോടെ സെല്‍ഫി എടുക്കുന്നവരെ നിരീക്ഷിക്കുന്നവര്‍, നൃത്തം ചെയ്തു ചിരിച്ചു കളിച്ച് സെല്‍ഫി വീഡിയോ ആകര്‍ഷകമാക്കുന്നവര്‍, എടുത്ത വീഡിയോ ആസ്വദിക്കുന്നവര്‍, പ്രായഭേദമന്യേ സന്ദര്‍ശകര്‍ ഏറ്റെടുത്ത് മേളയിലെ താരം ആയിരിക്കുകയാണ് സെല്‍ഫി ബൂത്ത്. സെല്‍ഫി ബൂത്തില്‍ എടുക്കുന്ന വീഡിയോ തല്‍സമയം ബൂത്തിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ക്യു.ആര്‍ കോഡില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യവുമുണ്ട്.