എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 174 സ്റ്റാളുകള്‍ ഒരുക്കും

post

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള മെയ് മൂന്ന് മുതല്‍ ഒന്‍പത് വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സംഘടിപ്പിക്കും. മേളയിൽ 174 സ്റ്റാളുകള്‍ ഒരുക്കുമെന്ന് ജില്ലാതല സംഘാടക സമിതി യോഗം അറിയിച്ചു. 103 വിപണന സ്റ്റാളുകളും 70 പ്രദര്‍ശന സ്റ്റാളുകളും ഉണ്ടായിരിക്കും. മെയ് മൂന്നിന് കാഞ്ഞങ്ങാട് പഴയ ബസ്സ്സ്റ്റാന്റില്‍ നിന്നും ആലാമിപ്പള്ളി വരെ വര്‍ണ്ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.

അക്ഷയ സ്റ്റാളില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട 28 ഓളം സേവനങ്ങളും ആധാറില്‍ പേര് ചേര്‍ക്കല്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. സിവില്‍ സപ്ലൈസിന്റെ സ്റ്റാളില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച് വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാകും. സാഫ്, ജയില്‍ വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സ്റ്റാളുകളാണ് ഫുഡ്കോര്‍ട്ടിന്റെ ഭാഗമാവുക. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

കൈകള്‍ കോര്‍ത്ത് കരുത്തോടെ, യുവതയുടെ കേരളം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി നടക്കുന്ന മേളയില്‍ യുവാക്കള്‍ക്കായി കരിയര്‍ ഗൈഡന്‍സ്, ഉന്നത വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസെടുക്കും. കാസര്‍കോടിന്റെ സിനിമാ പാരമ്പര്യം വിളിച്ചോതുന്ന ചലചിത്രകാര സംഗമവും സാംസ്‌ക്കാരിക രംഗത്തെ യുവ പ്രതിഭകള്‍ നയിക്കുന്ന സാംസ്‌ക്കാരിക സംഗമവും ഒരുക്കും. വിവിധ മേഖലകളില്‍ ദേശീയ അംഗീകാരങ്ങള്‍ നേടിയ യുവ പ്രതിഭകളെ യുവപ്രഭ പുരസ്‌ക്കാരം നല്‍കി ആദരിക്കും. ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ യുവജനങ്ങളുടെ കാഴ്ച്ചപാട് എന്ന വിഷയത്തില്‍ ജില്ലയിലെ യുവ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയും സംവാദവും നടക്കും. പ്രചരണ പരിപാടികളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന ദിവസം വിതരണം ചെയ്യും.