കൊല്ലം ജില്ലയില്‍ തീരസദസ്സ് 27 മുതല്‍ 30 വരെ

post

തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൊല്ലം ജില്ലയിലെ തീരദേശ നിയോജക മണ്ഡലങ്ങളില്‍ തീരസദസ്- മത്സ്യത്തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നു. ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ഏപ്രില്‍ 27 മുതല്‍ 30 വരെ നടത്തുന്ന തീരസദസ്സ് മത്സ്യബന്ധന- സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി അതത് തീരദേശമണ്ഡലങ്ങളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും.

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ 27ന് വൈകിട്ട് 4.30ന് തെക്കുംഭാഗം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തീരസദസ്സ് സംഘടിപ്പിക്കും. പൊതുയോഗത്തിനു മുന്നോടിയായുള്ള യോഗം പരവൂര്‍ തെക്കുംഭാഗം ഓഡിറ്റോറിയത്തില്‍ അന്നേദിവസം ഉച്ചയ്ക്ക് മൂന്നു മുതല്‍ നടത്തും.

ഇരവിപുരം നിയോജക മണ്ഡലത്തിലെ ഗ്രീഷ്മ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 28ന് വൈകിട്ട് 4.30ന് പരിപാടി സംഘടിപ്പിക്കും. മുന്നോടിയായുള്ള ചര്‍ച്ച വൈകീട്ട് മൂന്ന് മുതല്‍ ഇരവിപുരം സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഹാളില്‍ നടത്തും.

കൊല്ലം, ചവറ മണ്ഡലങ്ങളിൽ ഏപ്രില്‍ 29നാണ് പരിപാടി. രാവിലെ 10.30 ന് മൂതാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ പരിപാടി സംഘടിപ്പിക്കും. വാടി സെന്റ് ആന്റണീസ് യു പി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ ചര്‍ച്ച നടത്തും.

29 ന് വൈകിട്ട് 4. 30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ തീരസദസ്സ് സംഘടിപ്പിക്കും. കാവനാട് കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഹാളില്‍ യോഗത്തിനു മുന്നോടിയായുള്ള ചര്‍ച്ച നടക്കും.

ഏപ്രില്‍ 30ന് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ തീരസദസ്സ് ചെറിയഴീക്കല്‍ ശങ്കരനാരായണ ഓഡിറ്റോറിയത്തില്‍ നടത്തും. ആലപ്പാട് റോട്ടറി ക്ലബ് ഹാളില്‍ വൈകീട്ട് മൂന്നു മുതല്‍ ജനപ്രതിനിധികളുടെ യോഗം ചേരും.

തീരസദസിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതല കോ -ഓഡിനേഷന്‍ സമിതിയുടെയും ജില്ലാ അദാലത്ത് സെല്ലിന്റെയും യോഗം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിധ്യത്തിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്റെ അധ്യക്ഷതയിലും ചേര്‍ന്നു. ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി 1424 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 581 എണ്ണം മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയാണ്. തീരദേശ സദസ്സ് നടക്കുന്ന വേദികളില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ ടീം എന്നിവരുടെ സേവനം ഉറപ്പാക്കാൻ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.