കാസർകോട് അഡൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

post

തടസ്സങ്ങൾ നേരിട്ട പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചു: മന്ത്രി വീണാ ജോർജ്

കാസർകോട് ജില്ലയിലെ അഡൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കാസർകോട് വികസന പാക്കേജിൽ 1 കോടി ഉൾപ്പെടുത്തി പി.ഡബ്‌ള്യു.ഡിയാണ് നിർമാണം പൂർത്തീകരിച്ചത്. ദേലംപാടി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടുകൂടി വെയ്റ്റിംഗ് ഏരിയ, ലാബ്, ഫാർമസി, 3 ഒ.പി കൺസൾട്ടേഷൻ റൂമുകൾ, നീരീക്ഷണ മുറി എന്നീ സൗകര്യങ്ങളോടുകൂടി ആർദ്ദ്രം നിലവാരത്തിലുള്ള ശ്വാസ്സ്, ആശ്വാസ് ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാകും.

കേരളത്തിന്റെയും കർണാടകയുടെയും അതിർത്തി ഗ്രാമമാണ് ദേലംപാടി പഞ്ചായത്ത്. പ്രദേശവാസികൾക്ക് ഏറെ പ്രയോജനപ്രദമാകും വിധത്തിലുള്ള മുഴുവൻ കുടുംബങ്ങളുടെയും ആരോഗ്യകേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇവിടെ ലാബ് സൗകര്യം ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു. ഒരു ഡോക്ടറുടെ സേവനം, ഒരു സ്റ്റാഫ്നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ ലഭ്യമാക്കിയ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.

മുന്നോട്ട് പോകുന്നതിന് തടസ്സങ്ങൾ നേരിട്ട എല്ലാ പദ്ധതികളും തടസങ്ങൾ മാറ്റിക്കൊണ്ട് യാഥാർത്ഥ്യമാക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. കാസർകോട് ആദ്യമായി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. ജില്ലയ്ക്ക് ലഭിക്കാതിരുന്ന പല ചികിത്സാ സേവനങ്ങളും ഇന്ന് ലഭ്യമായി തുടങ്ങി. രണ്ട് സൂപ്പർ സ്പെഷ്യാലിറ്റികളുടെ സേവനം ലഭിച്ചു തുടങ്ങി. രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി പാക്കേജുകൾ നൽകി കൊണ്ട് ഇ.ഇ.ജി ടെക്നീഷ്യനെ നിയമിച്ചു. കാസർകോട് മെഡിക്കൽ കോളേജിൽ 160 കോടി രൂപ അനുവദിച്ച് തുടർപ്രവർത്തനങ്ങൾ നടത്തി വരുന്നു. അമ്മയും കുഞ്ഞും അശുപത്രി പ്രവർത്തനം തുടങ്ങി. ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ.സി.എച്ച്.കുഞ്ഞമ്പുഎം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി പങ്കെടുത്തു.