തിരുവനന്തപുരം ജില്ലയിലെ മലയോര ജനതയുടെ മനസ്സറിഞ്ഞ് വനസൗഹൃദ സദസ്സ്

post

നഷ്ടപരിഹാരമായി നൽകിയത് അരക്കോടിയിലധികം രൂപ

തിരുവനന്തപുരം ജില്ലയിലെ മലയോര ജനതയുടെ മനസ്സ് തൊട്ടറിഞ്ഞ് മലയോര മേഖല ഉൾപ്പെടുന്ന 11 പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ്. അരുവിക്കര, പാറശാല, വാമനപുരം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്കാണ് വന സൗഹൃദ സദസ്സിലൂടെ ആശ്വാസം ലഭിച്ചത്. വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നഷ്ടപരിഹാരമായി 67.18 ലക്ഷം രൂപ വനസൗഹൃദ സദസ്സിലൂടെ നൽകി. മുൻകാല കുടിശ്ശികയായ 16.68 ലക്ഷവും ഈ സർക്കാരിൻറെ കാലത്ത് നൽകിയ 50.5 ലക്ഷവും ഉൾപ്പെടെയാണ് ഇത്.

ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ നടന്ന വന സൗഹൃദ സദസ്സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായുള്ള ചർച്ചയോടെയാണ് ആരംഭിച്ചത്. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായ യോഗം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യം, നഷ്ടപരിഹാരങ്ങൾ, റോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതിവേഗം നടപടി സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നൽകി. ജനത്തെ മറന്നുകൊണ്ടുള്ള വനസംരക്ഷണമോ വനത്തെയും വന്യമൃഗങ്ങളെയും മറന്നുകൊണ്ടുള്ള മനുഷ്യസംരക്ഷണമോ സര്‍ക്കാര്‍ നയമല്ല. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ആദിവാസി സെറ്റില്‍മെന്റ് ഏരിയയിലേക്കുള്ള റോഡിന്റെ നവീകരണത്തിനും നിർമാണം തടസ്സമില്ലാതെ പൂർത്തിയാക്കും.1980 ന് മുന്‍പ് തദ്ദേശസ്ഥാപനങ്ങളുടെ പണമുപയോഗിച്ച് നിര്‍മിച്ച റോഡുകളുടെ നവീകരണത്തിനും തടസ്സങ്ങളില്ലെന്നും എന്നാല്‍ അതിന് ശേഷമുണ്ടായിട്ടുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

2023 മാർച്ച് മാസം വരെയുള്ള ദിവസവേതന കുടിശ്ശിക നൽകിക്കഴിഞ്ഞു. പ്രത്യേക റിക്രൂട്ട്മെൻറ് വഴി 20 പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം നൽകി. വന്യമൃഗ ശല്യം പ്രതിരോധിക്കാനായി ഒരു കിലോമീറ്റർ പുതുതായി ഫെൻസിങ് നടത്തി. മൂന്നു കിലോമീറ്റർ ആനക്കിടങ്ങ് നിർമ്മിച്ചു. പാലോട് കേന്ദ്രീകരിച്ച് ഒരു ആർ ആർ ടി മാർച്ച് മാസം മുതൽ പ്രവർത്തനമാരംഭിച്ചു. പുതുതായി ആരംഭിച്ച ആർ ആർ ടിക്ക് വാഹനം വാങ്ങുന്നതിനായി ഡി. കെ മുരളി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഭൂമി, തടി വ്യവസായങ്ങൾ എന്നിവ സംബന്ധിച്ച വിവിധ നിരാക്ഷേപ പത്രങ്ങളിൽ 158 എണ്ണം തീർപ്പു കൽപ്പിച്ചു. തിരുവനന്തപുരം വനം ഡിവിഷനിലെ കുളത്തൂപ്പുഴ ചണ്ണമല ചതുപ്പ് പ്രദേശത്ത്, കേരളത്തിലെ ആദ്യമായി വിജയകരമായി നടപ്പിലാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കായി 4.20 കോടി രൂപ നഷ്ടപരിഹാരമായി നൽകി. കുളത്തൂപ്പുഴ റേഞ്ചിലെ വട്ടക്കരിക്കം, മാത്രകരിക്കം, ഡാലി കരിക്കം, എംപോങ്ങ്, പാലോട് റേഞ്ചിലെ പാറമുകൾ, ചെമ്പൻകോട്, ഉദിമൂട്, പരുത്തിപ്പള്ളി റേഞ്ചിലെ ഒരുപറ എന്നിവിടങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. റോഡ് നിർമ്മാണത്തിനായുള്ള പതിമൂന്ന് അപേക്ഷകൾ തീർപ്പു കൽപ്പിച്ചു. മരം മുറിക്കാനായി ലഭിച്ച 467 അപേക്ഷകൾ തീർപ്പാക്കി. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 613.7 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. പോട്ടോമാവ് വനസംരക്ഷണസമിതിക്ക് പുതിയ ഓഫീസ്, പാലോട് കേന്ദ്രീകരിച്ച് വനശ്രീ ഇക്കോ ഷോപ്പ്, പാലോട് പുതിയ റേഞ്ച് ഓഫീസ് കെട്ടിടം എന്നിവയാണ് നടപ്പിലാക്കിയ പദ്ധതികൾ.