കരുതലുമായി മന്ത്രിമാര്‍; കൊല്ലം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ തീര്‍പ്പായത് 1138 അപേക്ഷകള്‍

post

വര്‍ഷങ്ങളായി ഫയലുകളില്‍ കുരുങ്ങിയ 1138 പരാതികള്‍ കൊല്ലം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ തീർപ്പായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കില്‍ നടന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിലാണ് 41 വകുപ്പുകളുമായി ബന്ധപ്പെട്ട 1138 അപേക്ഷകള്‍ തീര്‍പ്പായത്. ഇതില്‍ 544 പരാതികള്‍ പരിഹരിക്കുകയും 594 എണ്ണത്തിന് മറുപടി നല്‍കുകയും ചെയ്തു. ഓണ്‍ലൈനായി ആകെ 1176 പരാതികളാണ് ലഭിച്ചത്.

റവന്യൂ, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കൂടുതലായി ലഭ്യമായത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതികള്‍ പ്രത്യേക പരിഗണനയില്‍, സമയബന്ധിതമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.


പുതിയ 273 പരാതികള്‍ 10 ദിവസത്തിനകം പരിശോധിച്ചു മറുപടി നല്‍കും. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ 38 അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇത് നേരിട്ട് പരിഗണിച്ച് സ്വീകരിക്കും. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളില്‍ കാന്‍സര്‍, വൃക്കരോഗം അടക്കമുള്ള അതീവ ഗുരുതര രോഗം ബാധിച്ച 19 കാര്‍ഡുകള്‍ ബി പി എല്‍ വിഭാഗത്തിലേക്ക് മാറ്റി നല്‍കി. ശേഷിക്കുന്നവയില്‍ 88 അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.

അദാലത്തില്‍ പുതിയതായി ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തവ അന്വേഷണം നടത്തി തുടര്‍ന്ന് നടപടി സ്വീകരിക്കും. തീര്‍പ്പ് ആകാത്തവ 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അദാലത്തിൽ എത്തിയ രോഗികളുടെ അരികില്‍ എത്തി പരാതികൾ കേട്ട മന്ത്രിമാര്‍, അദാലത്തു പൂര്‍ത്തിയായി, ജനങ്ങള്‍ പോയ ശേഷം ജീവനക്കാര്‍ക്ക് ഒപ്പമാണ് മടങ്ങിയത്.