മാലിന്യ മുക്തകേരളം; പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ശുചീകരണയജ്ഞം

post

മാലിന്യമുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ നിര്‍വഹിച്ചു. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് മാലിന്യമുക്ത കേരളം ക്യാമ്പയിന്‍ ഊര്‍ജ്ജം പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യമുക്തകേരളം മഴക്കാലപൂര്‍വശുചീകരണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ, നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ക്യാമ്പയിന്‍ വിജയത്തിലെത്തിക്കാന്‍ തീവ്രപരിശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, മറ്റ് ജനപ്രതിനിധികള്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, പേരൂര്‍ക്കട ജില്ലാ ആശുപത്രി വികസന സമിതി അംഗങ്ങള്‍, നഗരസഭാ ശുചീകരണത്തൊഴിലാളികള്‍, യുവജനസംഘടനകള്‍ എന്നിവരും ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.