കൈറ്റ് ലെൻസ് എഡ്യൂക്കേഷൻ കണ്ടന്റ് ക്രിയേഷൻ ഹബ്ബ് മന്ത്രി വി. ശിവ൯കുട്ടി ഉദ്ഘാടനം ചെയ്തു

post

എറണാകുളം ജില്ലയിലെ ഇടപ്പള്ളി കൈറ്റ് റിസോഴ്സ് സെന്ററിൽ ആരംഭിച്ച കൈറ്റ് ലെൻസ് എഡ്യൂക്കേഷൻ കണ്ടന്റ് ക്രിയേഷൻ ഹബിന്റെ ഉദ്ഘാടനം പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവ൯കുട്ടി നിർവഹിച്ചു. വിദ്യാഭ്യാസാവശ്യത്തിനുള്ള ഉള്ളടക്കം തയ്യാറാക്കുന്നതിന് ദൃശ്യ, ശ്രാവ്യ മാധ്യമ സങ്കേതങ്ങൾ പ്രയോജനപ്രദമാക്കുന്നതിൽ സുപ്രധാന ചുവടുവയ്പാണ് കൈറ്റ് ലെ൯സ് എജ്യുക്കേഷ൯ കണ്ടന്റ് ക്രിയേഷ൯ ഹബെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ലോക് ഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈ൯ ക്ലാസുകൾക്കായി തയാറാക്കിയ സംവിധാനമാണ് വലിയ രീതിയിൽ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ ഇന്ന് ഹൈ ടെക്കാണ്. കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും സ്ക്രീനുകളും ഉപയോഗിച്ചാണ് ഇപ്പോൾ അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഈ മാധ്യമങ്ങൾക്ക് ആവശ്യമായ വീഡിയോ, ഓഡിയോ ചിത്രങ്ങൾക്കുള്ള സ്രോതസുകളായി കൈറ്റ് ലെ൯സ് സ്റ്റുഡിയോകൾ പ്രവർത്തിക്കും. ആധുനികമായ ഷൂട്ടിംഗ് ഫ്ളോർ, ഓഡിയോ – വീഡിയോ ഉപകരണങ്ങൾ, സാങ്കേതിക പരിശീലനം എന്നിവയുടെ ഏകോപനമാണ് കൈറ്റ് ലെ൯സ് സ്റ്റുഡിയോ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.


സാധാരണ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ചെലവു കുറഞ്ഞ രൂപത്തില്‍ ഡിജിറ്റല്‍ ഉള്ളടക്കം സാധ്യമാക്കുന്ന കൈറ്റ് ലെന്‍സ് രാജ്യത്തെ ആദ്യ സംരംഭമാണ്. പരമ്പരാഗത ക്ലാസ് റൂം പഠനവും ഡിജിറ്റല്‍ പഠനവും തമ്മിലുള്ള വിടവ് നികത്താന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും കൈറ്റ് ലെന്‍സിലൂടെ സാധ്യമാക്കും. 4K വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം, സൗണ്ട് ട്രീറ്റഡ് ഷൂട്ടിംഗ് ഫ്ലോര്‍, സൈക്ലോരമ, ക്രോമ സൗകര്യങ്ങള്‍, സൗണ്ട്-വിഷ്വല്‍ മിക്സിങ്ങ്, ഗ്രാഫിക്-എഡിറ്റിംഗ് സ്യൂട്ട്, സൗണ്ട് ട്രീറ്റ്മെന്റ് സൗകര്യം തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന മികച്ച സ്റ്റുഡിയോ ഫ്ലോര്‍ ആണ് കൈറ്റ് ലെന്‍സിനുള്ളത്. വിദ്യാഭ്യാസ ഉള്ളടക്കം തയാറാക്കുന്നതിൽ ആശയങ്ങളുള്ള അധ്യാപകർക്ക് കൈറ്റ് ലെ൯സിലേക്ക് കടന്നു വരാം. കൈറ്റ് ലെ൯സ് സ്റ്റുഡിയോയിൽ തയാറാക്കുന്ന മികച്ച പരിപാടികൾ കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും. ഓൺലൈ൯ പ്ലാറ്റ് ഫോമുകളിലും അപ് ലോഡ് ചെയ്യും.

കൗൺസിലർ ശാന്ത വിജയൻ അധ്യക്ഷത വഹിച്ചു, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത്, ഡിജിറ്റൽ മീഡിയ കൺസൾട്ടന്റ് സുനിൽ പ്രഭാകർ, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.