കലൂര്‍-കടവന്ത്ര റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

post

കൊച്ചി നഗരത്തിലെ പ്രധാന റോഡായ കലൂര്‍ - കടവന്ത്ര റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മെയ് 19 വെള്ളിയാഴ്ച കലൂര്‍ മെട്രോ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ജി.സി.ഡി.എ 1990 കളില്‍ നിര്‍മ്മിച്ച് പരിപാലിച്ചു വരുന്ന 22 മീറ്റര്‍ വീതിയും 3.2 കിലോ മീറ്റര്‍ നീളവുമുള്ള കലൂര്‍ -കടവന്ത്ര റോഡ് 30 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. റോഡിന്റെ സര്‍ഫസിംഗ് ഉള്‍പ്പടെയുള്ള നവീകരണ പ്രവൃത്തികള്‍ ജിസിഡിഎ നിര്‍വ്വഹിക്കും.

കൊച്ചി നഗരത്തിലെ രണ്ടു പ്രധാനപ്പെട്ട ഇടങ്ങളെ കതൃക്കടവ് പാലം വഴി ബന്ധിപ്പിക്കുന്ന കലൂര്‍ കടവന്ത്ര റോഡ്, രണ്ട് പ്രധാന മെട്രോ സ്റ്റേഷനുകളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുക വഴി പൊതുജനയാത്ര സുഗമമാക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് കലൂര്‍ - കടവന്ത്ര റോഡില്‍ എന്‍.എം.ടി (നോണ്‍ മോട്ടോറൈസിഡ് ട്രാന്‍സ്പോര്‍ട്ട് ) കോറിഡോര്‍ നിര്‍മ്മിക്കും.

പൊതു സ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തി കൊണ്ട് കലൂര്‍ കടവന്ത്ര റോഡില്‍ കാല്‍നടയാത്ര പ്രോത്സാഹിപ്പിക്കുകയും 24 x 7 സ്ത്രീ - ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ഫുട്ട് പാത്ത് , ഡ്രൈനേജ്, സ്ട്രീറ്റ് ലൈറ്റ്‌സ് എന്നിവ നവീകരിച്ചും സ്ട്രീറ്റ് ഫര്‍ണീച്ചര്‍, ലാന്‍ഡ് സ്‌കേപ്പിംഗ് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ നിര്‍മ്മിച്ചും നഗരത്തിലെ മാതൃകാ റോഡായി പദ്ധതിയിലൂടെ മാറ്റും.

റോഡിന് ഇരുവശവും മീഡിയനുകളുമാണ് നോണ്‍ മോട്ടോറൈസ്ഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ നവീകരിക്കുക. നിലവില്‍ ഫുട്പാത്ത് വീതി കുറവുള്ള ഭാഗങ്ങളില്‍ ആവശ്യത്തിന് വീതി വര്‍ധിപ്പിക്കും. കാനകള്‍ മൂടിയിരിക്കുന്ന സ്ലാബുകളെല്ലാം ശരിയായ വിധം സ്ഥാപിച്ചതിനു ശേഷം കാല്‍നടയാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാകും നവീകരണം. കാല്‍നടയാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി സീറ്റുകളും മാലിന്യം നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. കൂടുതല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കും. മഴക്കാല പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് കൃത്യമായ നടപടികള്‍ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ സ്വീകരിക്കും.

നിലവിലുള്ള മരങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക. എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ റോഡ് നിര്‍മ്മിക്കുന്നതിനാണ് കൊച്ചി മെട്രോയുമായുള്ള സഹകരണത്തിലൂടെ ജിസിഡിഎ ഉദ്ദേശിക്കുന്നത്. അടിയന്തരമായി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. എന്‍.എം.ടി യുടെ ഭാഗമായി 20 കോടി രൂപ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും റോഡ് സര്‍ഫേസിംഗിനായി 10 കോടി രൂപ ജിസിഡിഎയും ചെലവിടും.