ഒറ്റപ്പാലം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു

post

മനിശ്ശേരി കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന ' കരുതലും കൈത്താങ്ങും' ഒറ്റപ്പാലം താലൂക്ക്തല പരാതി പരിഹാര അദാലത്ത് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും കാലതാമസമില്ലാതെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ന്യായമായ ആവശ്യമാണ് പരാതി പരിഹാര അദാലത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നടപടിക്രമങ്ങളുടെയുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കില്‍പ്പെട്ട പരാതികള്‍ കൃത്യമായി പരിശോധിച്ച് കാര്യക്ഷമമായി തീർപ്പാക്കുമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തുകയാണെന്നും മന്ത്രി പറഞ്ഞു.

മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 26 പേരുടെ റേഷന്‍ കാര്‍ഡുകള്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മന്ത്രി എം.ബി രാജേഷും ചേർന്ന് കൈമാറി. കരുതലും കൈത്താങ്ങും ഒറ്റപ്പാലം താലൂക്ക് തല പരാതി പരിഹാരത്തില്‍ നേരിട്ട് 329 പരാതികളാണ് ലഭിച്ചത്. ഇതില്‍ റവന്യൂ 95, തദ്ദേശസ്വയംഭരണ വകുപ്പ് 25, സിവില്‍ സപ്ലൈസ് വകുപ്പ് 30, ലൈഫ് മിഷന്‍ 44 എന്നിങ്ങനെയാണ് ലഭ്യമായത്. ഈ പരാതികള്‍ക്ക് 30 ദിവസത്തിനുള്ളില്‍ പരിശോധിച്ച് വ്യക്തമായ മറുപടി നല്‍കും. ഓണ്‍ലൈനായി ലഭിച്ച 623 പരാതികളില്‍ 522 പരാതികള്‍ തീര്‍പ്പാക്കി. 101 പരാതികള്‍ നിരസിച്ചു.