വലിച്ചെറിയല്‍ മുക്ത കേരളം : മൂവാറ്റുപുഴ നഗരസഭയിൽ പൊതു ശുചീകരണം നടത്തി

post

വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ പൊതു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മൂവാറ്റുപുഴ നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർമാൻ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. റോഡുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും പുഴയിലും മാലിന്യങ്ങള്‍ തളളുന്നവരെ പിടികൂടാന്‍ നഗരസഭ പരിധിയിൽ ഒമ്പത് ലക്ഷം രൂപ ചെലവിൽ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും പൊതുജന പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന സ്ക്വാഡുകള്‍ നിരീക്ഷണം നടത്തുകയും ചെയ്യും. ശുചീകരണത്തില്‍ റോഡുകളുടെ ഇരുവശങ്ങളില്‍ നിന്നായി അഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു.

ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അജി മുണ്ടാട്ട്, പി.എം. അബ്ദുള്‍ സലാം, പ്രമീള ഗിരീഷ്കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ്, സി.ഡി.എസ്. ചെയര്‍പഴ്സണ്‍ പി.പി. നിഷ, ഷിജു മുത്തേടന്‍, ഫാ. ആന്റണി പുത്തന്‍കുളം, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, വിവിധ വാർഡ് കൗൺസിൽ അംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, വ്യാപാരികൾ, ക്ലീൻ മൂവാറ്റുപുഴ ഭാരവാഹികൾ, നിര്‍മ്മല സ്കൂള്‍ - കോളജിലെ എന്‍.സി.സി., സ്കൗട്ട് കേഡറ്റുകള്‍, വാക്കിംഗ് ക്ലബ് അംഗങ്ങള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.