പ്രവേശനോത്സവം ആഘോഷമാക്കി കോട്ടയത്തെ സ്‌കൂളുകൾ; അധ്യയന വർഷത്തിനു തുടക്കം
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനായി: മന്ത്രി വി.എൻ. വാസവൻ
സ്‌കൂൾ പ്രവേശനോത്സവം ആഘോഷമാക്കി കോട്ടയം ജില്ലയിലെ സ്‌കൂളുകൾ. വർണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്‌കൂളുകളിൽ സംഘടിപ്പിച്ചത്. മധുരം വിളമ്പിയും നവാഗതർക്ക് സമ്മാനങ്ങൾ നൽകിയും കലാ-സാംസ്‌കാരിക പരിപാടികൾ ഒരുക്കിയും സ്‌കൂളുകൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു. കോട്ടയം ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിനായതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൂട്ടാനിരുന്ന 2500 ഓളം വിദ്യാലയങ്ങൾ ഇന്ന് വിദ്യാർഥികളാൽ സമ്പന്നമാണ്. പത്തു ലക്ഷത്തോളം കുട്ടികൾ സ്വകാര്യവിദ്യാലയങ്ങളിൽ നിന്ന് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ചേർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ സംസ്ഥാനസർക്കാർ വിദ്യാഭ്യാസ മേഖലയിൽ കരുതലോടെ ഇടപെട്ടു. പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും സമയോചിതമായ വിതരണം, കൃത്യസമയത്തുള്ള പരീക്ഷകൾ, യഥാസമയത്തുള്ള ഫലപ്രഖ്യാപനം, കലോത്സവങ്ങൾ തുടങ്ങി ഒരു വിദ്യാലയവുമായി ബന്ധപ്പെട്ട് നടക്കേണ്ട എല്ലാ പാഠ്യ-പാഠ്യേതരവിഷയങ്ങളിലും സർക്കാർ കരുതലുണ്ടായി.
കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ പശ്ചാത്തല സൗകര്യവും ഒരുക്കി അടുക്കും ചിട്ടയോടും കൂടി വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കാനായി ലക്ഷ്യബോധത്തിലൂന്നി പുതിയ ഇന്നൊവേഷൻ സെന്ററുകളും ഇൻകുബേഷൻ സെന്ററുകളും ആരംഭിച്ച് വിദ്യാർഥികളുടെ ബൗദ്ധിക നിലവാരത്തെയും സർഗവാസനകളെയും വളർത്തിയെടുത്ത് സംവേദകക്ഷമത വർധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളായി യുവതയെ മാറ്റുന്നതിനായി വിദ്യാഭ്യാസ രംഗത്ത് പുത്തൻ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മോഡൽ ഇൻക്ലൂസീവ് സ്‌കൂളിന്റെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കവിതകൾ ചൊല്ലി കൃതി ആരുടേതെന്ന ചോദ്യങ്ങൾ ചോദിച്ച് വിദ്യാർഥികളുടെ വായന അളന്നാണ് മന്ത്രി മടങ്ങിയത്. വായനയുടെ പ്രാധാന്യവും വായന ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.