നീലേശ്വരത്തെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

post

കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എയാണ് പ്രഖ്യാപനം നിർവഹിച്ചത്.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപന നടത്തുന്നവർക്കും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും എതിരെ നഗരസഭ കനത്ത തുക പിഴ ഈടാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസ കാലയളവിൽ ഈ ഇനത്തിൽ ഒരു ലക്ഷം രൂപയോളം നഗരസഭ പിഴ ഈടാക്കിയിട്ടുണ്ട്.

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രധാന ഡ്രെയിനേജുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിലെ തോടുകൾ ശുചീകരിച്ചു. വലിച്ചെറിയൽമുക്ത കേരളം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, വ്യാപാരി- വ്യവസായികൾ, മറ്റു സന്നദ്ധ സംഘടന പ്രവർത്തകർ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അത്തരത്തിൽ ശേഖരിച്ച ഒരു ടൺ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു. നഗരസഭാതല ശുചീകരണം ഏപ്രിൽ 14ന് കോൺവെന്റ് ജംഗ്ഷനിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഉദ്ഘാടനം ചെയ്തത്.

ആക്രി വ്യാപാരികൾ, സ്കൂൾ അധികൃതർ, ഓഫീസ് മേധാവികൾ, ഹോട്ടൽ ഉടമകൾ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. മെയ് 15ന് സർക്കാർ ഓഫീസുകളിൽ ശുചീകരണം നടത്തി. എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് വാർഡുകൾ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി മെയ് 20 ന് നഗരസഭയിൽ ശുചിത്വ ഹർത്താൽ നടത്തി. 25ന് ബസ്റ്റാൻഡ് പരിസരത്ത് മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം സംഘടിപ്പിച്ചു. 26ന് രാജാ റോഡ് പരിസരത്ത് ബഹുജന പങ്കാളിത്തത്തോടെ രാത്രികാല ശുചീകരണ പ്രവർത്തനങ്ങളും നടത്തി. മെയ് 27ന് മുഴുവൻ വാർഡുകളും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഗരസഭ തലത്തിലുള്ള പ്രഖ്യാപനം നടത്തിയത്.

നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രൻ, പി.സുഭാഷ്, കൗൺസിലർമാരായ റഫീക് കോട്ടപ്പുറം, ഷംസുദ്ദീൻ അറിഞ്ചിറ, പി.ബിന്ദു, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത, ഹെൽത്ത് സൂപ്പർ വൈസർ ടി.അജിത് തുടങ്ങിയവർ പങ്കെടുത്തു.