എസ്. പി.സി സ്ക്കൂളുകളിൽ മധുരമേകാൻ മധുര വനം പദ്ധതി

post

കാസർഗോഡ് ജില്ലയിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുള്ള സ്ക്കൂളുകളിൽ ഇനി മാങ്ങയും പേരക്കയും നാരകവും പാഷൻ ഫ്രൂട്ടും നെല്ലിക്കയും കായ്ക്കും. എസ് പി.സി ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ 43 എസ്. പി.സി സ്കൂളുകളിലാണ് മധുരവനം പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ മാർഗ്ഗ നിർദേശത്തിൽ സാമൂഹ്യ വനവത്കരണ വിഭാഗം, കൃഷി വകുപ്പ്, കാസർകോട് ജില്ലാ പോലീസ് സഹകരണ സംഘം എന്നിവയുടെ സഹായത്തോടെയാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. അൽഫോൻസ ഇനത്തിൽ പെട്ട മാംഗോ ഗ്രാഫ്റ്റ്സ്, പേരക്ക, നെല്ലി, വുഡ് ആപ്പിൾ, നാരകം, ഫാഷൻ ഫ്രൂട്ട്സ് എന്നീ ചെടികളോടൊപ്പം നീർമരുത്, മണിമരുത് എന്നീ ചെടികളും സ്‌കൂളുകളിൽ നാട്ടു വളർത്തും.

ഓരോ സ്‌കൂളിലും രണ്ട് കുട്ടികളെ ഒരു ചെടിയുടെ ഉത്തരവാദിത്തം ഏൽപ്പിക്കും. ഓരോ ചെടിയുടേയും വളർച്ചാ വിവരം ഓരോ ആഴ്ചയിലും ഡയറിയിൽ രേഖപ്പെടുത്തുകയും ഓരോ ആഴ്ചയിലും സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അദ്ധ്യാപകർ ചെടികൾ നിരീക്ഷിക്കുകയും കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. അടുത്ത വർഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കിയ സ്കൂളിന് ട്രോഫിയും ഉപഹാരവും നൽകും.

പദ്ധതിയുടെ വിജയത്തിനായി ഓരോ എസ്.പി സി സ്കൂളിനും 5000/- രൂപ വീതം ധനസഹായമായി അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ അറിയിച്ചു. ജനപ്രതിനിധികളും മധുരവനം പദ്ധതിയിൽ കൈ കോർക്കും. ജില്ലയിലെ ബേള, ആദൂർ, കറന്തക്കാടുള്ള സ്റ്റേറ്റ് സീഡ് ഫാം, പുല്ലൂർ നഴ്സറി എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച തൈകൾ എസ്.പി .സി സ്കൂളുകളിലേക്ക് നൽകുന്നതിന്റെ വിതരണോദ്ഘാടനം നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിൽ എസ്.പി.സി കേഡെറ്റുകൾക്ക് നൽകി ജില്ലാ അഡീഷണൽ എസ് .പി . പി.കെ രാജു നിർവ്വഹിച്ചു.

എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ എം.എ മാത്യു, എം സദാശിവൻ, ടി ഗിരീഷ് കുമാർ, എ.പി സുരേഷ്, എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി തമ്പാൻ, ഇല്യാസ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.